മുംബൈ: കൊവിഡ് വ്യാപനം കണക്കിലെടുത്ത് നാഗ്‌പൂർ ജില്ലയിൽ മാര്‍ച്ച് 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് ഊര്‍ജമന്ത്രി നിധിന്‍ റാവത്ത്. കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ മാർച്ച് 15 മുതൽ നാഗ്‌പൂരിൽ ലോക്ക്ഡൗൺ ആരംഭിച്ചിരുന്നു. പ്രതിദിനം 3,500 ൽ അധികം കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിയന്ത്രണങ്ങൾ തുടരുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി, ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ്, ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരടക്കമുള്ളവര്‍ പങ്കെടുത്തു.
ജില്ലയിൽ നിലവില്‍ പ്രതിദിനം 20,000 പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്. ഇത് 40,000 ആയി ഉയര്‍ത്തും. ഗ്രാമീണ മേഖലയിലും നഗര മേഖലയിലുമായി 150 വീതം പുതിയ വാക്‌സിനേഷൻ കേന്ദ്രങ്ങൾ കൂടി തുറക്കും. സ്‌കൂളുകൾ, കോളജുകൾ, കോച്ചിങ് ക്ലാസുകൾ, മാളുകൾ, തിയേറ്ററുകള്‍, പാർക്കുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ മുതലായവ അടച്ചിടുമെന്ന് നാഗ്‌പൂർ മുനിസിപ്പൽ കോർപ്പറേഷൻ പുതിയ സർക്കുലറിൽ അറിയിച്ചു. ഓൺലൈൻ ക്ലാസുകൾ നടത്താൻ അനുമതിയുണ്ടെങ്കിലും അത്തരം ക്ലാസുകൾ നടത്തുന്നതിന് 25 ശതമാനം അധ്യാപകരെ മാത്രമേ അനുവദിക്കുകയുള്ളൂ.
റസ്റ്ററന്‍റുകള്‍ രാത്രി ഏഴ് മണി വരെയും ആവശ്യസാധനങ്ങൾക്കായുള്ള കടകൾ വൈകുന്നേരം നാല് മണി വരെയും തുറന്ന് പ്രവർത്തിക്കും. കൂടാതെ എല്ലാ സർക്കാർ, സ്വകാര്യ ഓഫീസുകൾക്കും 25 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ഓൺലൈൻ ഹോം ഡെലിവറി രാത്രി 11 വരെ അനുവദിക്കും. മെഡിക്കൽ സേവനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ, പത്ര-മാധ്യമ സംബന്ധമായ സേവനങ്ങൾ, പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, ഗതാഗത സേവനങ്ങൾ, നിർമ്മാണ സൈറ്റുകൾ, വ്യവസായങ്ങൾ, തപാൽ സേവനങ്ങൾ, ഇൻഷുറൻസ് സേവനങ്ങൾ, കോൾഡ് സ്റ്റോറേജുകൾ, കാർഷിക ഉൽപാദന മാർക്കറ്റ് കമ്മിറ്റികൾ (എപിഎംസി) എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നും സർക്കുലറിൽ പറയുന്നു.