മംഗളൂരു : വിരമിച്ച വനിത പ്രിൻസിപ്പലിന് ഓൺലൈൻ തട്ടിപ്പിലൂടെ 72 ലക്ഷത്തിലേറെ രൂപ നഷ്‌ടപ്പെട്ടു (Retired principal lost 72 lakh). പ്രിൻസിപ്പൽ തസ്‌തികയിൽ നിന്ന് വിരമിച്ച മംഗളൂരു സ്വദേശിനിക്കാണ് ഓൺലൈൻ തട്ടിപ്പിലൂടെ ഇത്രയും തുക നഷ്‌ടപ്പെട്ടത്. കുറച്ച് മാസങ്ങൾ മുൻപ് ഇവർ സത്യം പാണ്ഡെ, മിത്തൽ എന്നിവരെ വാട്ട്‌സ്ആപ്പ് വഴി പരിചയപ്പെട്ടിരുന്നു. പിന്നാലെ സൗഹൃദത്തിലായ ഇവരുമായി റിട്ടയേര്‍ഡ് പ്രിൻസിപ്പൽ വാട്‌സാപ്പ് വഴി നിരന്തരം ബന്ധപ്പെട്ടിരുന്നു.
അവരുടെ നമ്പറിന് ലോട്ടറി അടിക്കുമെന്നും ആ പണം ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്‌ത് തരാമെന്നും ഇവര്‍ വാഗ്‌ദാനം ചെയ്‌തു. തുടര്‍ന്ന് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക്, തട്ടിപ്പുകാര്‍ നല്‍കിയ മൊബൈൽ നമ്പർ ചേർക്കാന്‍ ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച വനിത തട്ടിപ്പുകാര്‍ നല്‍കിയ മൊബൈൽ നമ്പറുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും, ഇന്ത്യൻ ബാങ്കിന്‍റെയും അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചു.
നമ്പറുകൾ ലിങ്ക് ചെയ്‌തതിന് ശേഷം, കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോള്‍, ജോലിയിൽ നിന്ന് വിരമിച്ചതിന്‍റെ ഭാഗമായുള്ള പണം അവരുടെ അക്കൗണ്ടില്‍ വന്നു. 50,55,118 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിലേക്കും 22,31,798 രൂപ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്കുമാണ് വന്നത്. പ്രിൻസിപ്പലിന്‍റെ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ച വിവരം മൊബൈൽ സന്ദേശങ്ങളിലൂടെ അജ്ഞാതർ അറിയുകയും പിന്നീട് അവരുടെ ശ്രദ്ധയിൽപ്പെടാതെ ഇരുവരും ചേർന്ന് 72,86,916 രൂപ തട്ടിയെടുക്കുകയും ചെയ്‌തു.
അക്കൗണ്ടില്‍ പണമില്ലാതായതോടെ ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. തുടര്‍ന്ന് 72,86,916 രൂപ നഷ്‌ടപ്പെട്ടുവെന്നുപറഞ്ഞ് അവര്‍ മംഗളൂരു സെൻ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.