ചണ്ഡീഗഡ്: രാഷ്ട്രപതി മെഡൽ മടക്കി നൽകി റിട്ടയേർഡ് ഹോം ഗാർഡ് കമാൻഡന്‍റ് റായ് സിങ് ദാലിവാൾ. ഡൽഹിയിൽ കർഷക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം മെഡൽ തിരികെ നൽകിയത്.
കഴിഞ്ഞ ദിവസം മുൻ പഞ്ചാബ് മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ (എസ്എഡി) ഗോത്രപിതാവുമായ പ്രകാശ് സിംഗ് ബാദൽ ഇന്ത്യാ ഗവൺമെന്‍റ് കർഷകരെ ഒറ്റിക്കൊടുത്തു എന്നാരോപിച്ച് പത്മവിഭുഷൺ അവാർഡ് തിരികെ നൽകിയിയിരുന്നു. പിന്നീട് ഡിസംബർ 4 ന് ശിരോമണി അകാലിദൾ (ഡെമോക്രാറ്റിക്) മേധാവിയും വിമത രാജ്യസഭാ അംഗവുമായ സുഖ്ദേവ് സിംഗ് ദിന്ദ്‌സയും പത്മഭൂഷൺ അവാർഡ് തിരികെ നൽകിയിരുന്നു.
അതേ ദിവസം തന്നെ പഞ്ചാബിലെ ഭാരതീയ സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളായ സിർമോർ ഷയർ ഡോ. മോഹൻജിത്, പ്രശസ്‌ത ചിന്തകനായ ഡോ. ജസ്വീന്ദർ സിംഗ്, പഞ്ചാബി തിരക്കഥാകൃത്തും പഞ്ചാബി ട്രിബ്യൂൺ എഡിറ്ററുമായ സ്വരാജ്ബീർ എന്നിവരും അവാർഡുകൾ തിരികെ നൽകി കർഷക പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.