ന്യൂഡൽഹി : ന്യൂയോർക്കിലെ പ്രീമിയം ആഡംബര ഹോട്ടലായ മൻഡാരിൻ ഓറിയന്‍റൽ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് പ്രമുഖ വ്യവസായിയും ശതകോടീശ്വരനുമായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. 98.15 മില്യൺ യു.എസ് ഡോളറിനാണ് (ഏകദേശം 730 കോടി രൂപ) റിലയൻസ് ഗ്രൂപ്പ് ഹോട്ടൽ സ്വന്തമാക്കുന്നത്.
2003ൽ സ്ഥാപിതമായ മാൻഡാരിൻ ഓറിയന്‍റൽ, ന്യൂയോർക്കിലെ പുരാതനമായ സെൻട്രൽ പാർക്കിനും 80 കൊളംബസ് സർക്കിളിനും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ആഡംബര ഹോട്ടലാണ്. കൂടാതെ AAA ഫൈവ് ഡയമണ്ട് ഹോട്ടൽ, ഫോർബ്സ് ഫൈവ് സ്റ്റാർ ഹോട്ടൽ, ഫോർബ്സ് ഫൈവ് സ്റ്റാർ സ്പാ എന്നിവയുൾപ്പെടെ നിരവധി അവാർഡുകളും നേടിയിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം മൻഡാരിൻ ഓറിയന്‍റൽ 2018ൽ 115 മില്യൺ ഡോളറും 2019ൽ 113 മില്യൺ ഡോളറും 2020ൽ 15 മില്യൺ ഡോളറും വരുമാനം നേടിയിരുന്നു.
ALSO READ: നക്ഷത്രങ്ങൾക്കിടയിൽ ചിറകുവിടർത്തി ആകാശദർശിനി ; നിര്‍ണായക നാഴികക്കല്ല് പിന്നിട്ട് വെബ്ബ് ടെലിസ്കോപ്
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ (RIL) പൂർണ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‌മെന്‍റ് ആൻഡ് ഹോൾഡിങ്‌സ് ലിമിറ്റഡ് (RIIHL) ആണ് ഹോട്ടലിന്‍റെ മുഴുവൻ ഓഹരി മൂലധനവും ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഏർപ്പെട്ടത്. മൻഡാരിൻ ഓറിയന്‍റലിന്‍റെ 73.37% ഓഹരിയുടെ പരോക്ഷ ഉടമയായ കൊളംബസ് സെന്‍റർ കോർപ്പറേഷനിൽ (Cayman) നിന്നാണ് 98.15 മില്യൺ ഡോളറിന് ഹോട്ടൽ ഏറ്റെടുക്കുന്നത്. ഒരു വർഷത്തിനുള്ളിൽ റിലയൻസ് ഏറ്റെടുക്കുന്ന രണ്ടാമത്തെ ആഡംബര ഹോട്ടലാണിത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ യുകെയിലെ സ്റ്റോക്ക് പാർക്ക് ലിമിറ്റഡ് റിലയൻസ് ഏറ്റെടുത്തതും വലിയ വാർത്തയായിരുന്നു. രണ്ട് ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ പശ്ചാത്തലം കൂടിയാണ് ഈ പ്രദേശം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ടിഎംടിയുടെ 45 ശതമാനം, ന്യൂ എനർജിയുടെ 23.6 ശതമാനം എന്നിവയുൾപ്പടെ 5.6 ബില്യൺ യുഎസ് ഡോളറിന്‍റെ ഏറ്റെടുക്കലുകളാണ് റിലയൻസ് പ്രഖ്യാപിച്ചത്.