മുംബൈ: കൊവിഡ് മഹാമാരി ആഞ്ഞടിക്കുന്ന ഇന്ത്യയിൽ രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജൻ ഉത്പാദിപ്പിക്കുന്ന സ്ഥാപനമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ). ജാംനഗറിലെ റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സിൽ നിന്നും പ്രതിദിനം 1,000 മെട്രിക് ടൺ മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജനാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. ഇത് ഇന്ത്യയുടെ മൊത്തം ഉദ്പാദനത്തിന്‍റെ 11 ശതമാനത്തിലധികമാണ്. അതേസമയം റിലയൻസ് പരമ്പരാഗതമായി ഒരു മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജൻ നിർമാതാവല്ല എന്നതും ശ്രദ്ധേയമാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനെതിരെ ഇന്ത്യ പോരാടുമ്പോൾ രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനേക്കാളും പ്രാധാന്യം മറ്റൊന്നിനുമില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. 2020 മാർച്ചിൽ കൊവിഡ് ആരംഭിച്ചത് മുതൽ, രാജ്യത്തുടനീളം 55,000 മെട്രിക് ടൺ മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജനാണ് റിലയൻസ് വിതരണം ചെയ്തത്.
അതേസമയം, കൊവിഡ് പകർച്ചവ്യാധിക്കിടെ റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ആദായത്തിൽ ഇരട്ടിയിലധികം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. മാർച്ച് അവസാന പാദത്തിൽ റിലയൻസിന്‍റെ ആദായം 108 ശതമാനം ഉയർന്ന് 13,227 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 6,348 കോടി രൂപയായിരുന്നു. കൂടാതെ ഈ കാലയളവിൽ 797 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്