ഷിംല : ഹിമാചലില്‍ പ്രവേശിക്കാൻ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ നിർബന്ധമല്ലാതാക്കിയതോടെ ഷിംലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ശനി, ഞായർ ദിവസങ്ങളിൽ ഷിംലയിലെ ശോഗി ബാരിയറിൽ നിന്നും ശരാശരി അയ്യായിരത്തോളം വാഹനങ്ങൾ തലസ്ഥാനത്ത് പ്രവേശിച്ചതായാണ് റിപ്പോര്‍ട്ട്.
സഞ്ചാരികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്നത് ശ്രദ്ധേയമാണെന്ന് ഷിംല പൊലീസ് സൂപ്രണ്ട് (എസ്‌പി) മോഹിത് ചൗള പറഞ്ഞു. വിനോദയാത്രികരുടെ വരവ് ക്രമീകരിക്കുന്നതിനായി ട്രാഫിക് പൊലീസിനൊപ്പം ജില്ലയിലുടനീളം പത്തിലധികം പൊലീസ് സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
ഏവരും കൊവിഡ് മാനദണ്ഡങ്ങൾ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വെള്ളിയാഴ്‌ചയാണ് സംസ്ഥാനത്തേർപ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങൾക്ക് സർക്കാർ ഇളവ് വരുത്തിയത്.
Also Read: ഗുജറാത്തിൽ 405 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രാവിലെ ആറ് മണി വരെയുള്ള കർഫ്യൂ സംസ്ഥാനത്ത് നീട്ടിയിട്ടുണ്ടെങ്കിലും 50 ശതമാനം യാത്രക്കാരെ പ്രവേശിപ്പിച്ചുകൊണ്ടുള്ള പൊതുഗതാഗതത്തിന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. കൂടാതെ അവശ്യസേവനങ്ങൾക്കായുള്ള കടകൾക്കുള്ള സമയം രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെയാക്കി.
24 മണിക്കൂറിനിടെ സംസ്ഥാനത്ത് 326 പുതിയ കൊവിഡ് കേസുകളും ഏഴ് മരണങ്ങളും 664 രോഗമുക്തിയുമാണ് രേഖപ്പെടുത്തിയത്. ഹിമാചലിലെ ആകെ കൊവിഡ് കേസുകൾ 1,98,876 ആണ്.