ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ നിലനിര്‍ത്താന്‍ ആരും ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യന്‍ കരസേന മേധാവി എംഎം നരവനെ. ഇന്ത്യയുടെ ആഗ്രഹം ചൈനയുമായി അടുത്ത ബന്ധം ഉണ്ടാകണം എന്നാണ്. സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ സേന നടപ്പാക്കും. രാഷ്ട്രത്തിന്‍റെ നിലപാട് പിന്‍തുടരുകയും ചെയ്യും. ചൈനയുമായി ഒരു സംഘര്‍ഷം ഈ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നാണ് താന്‍ കരുന്നുന്നത്. അതിനാല്‍ തന്നെ അയല്‍ രാജ്യവുമായി ബന്ധം ശക്തിപ്പെടുത്താനാണ് സേനയും ആഗ്രഹിക്കുന്നത്. സേനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ പലകാര്യങ്ങളും തമ്മള്‍ ചെയ്യുന്നുണ്ട്. ഭാവിയിലും ഇത്തരം കാര്യങ്ങള്‍ തുടര്‍ന്ന് തന്നെ മുന്നോട്ട് പോകും. അതിര്‍ത്തി സംബന്ധിച്ച നിലപാടുകളില്‍ ഇതുവരെ സേനയും സര്‍ക്കാരും വിജയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയല്‍ രാജ്യങ്ങളുമായി ഉണ്ടാക്കിയിരിക്കുന്ന കരാറുകള്‍ പാലിക്കാന്‍ തങ്ങള്‍ തയ്യാറാണ്. അത് വിശ്വസിക്കുകയും അയല്‍ രാജ്യം അത് പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. കരാറുകള്‍ മറികടന്നാല്‍ അയല്‍പക്കത്തോടുള്ള സമീപനത്തിലും മാറ്റം വരും. ചൈനയും പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയും എന്ത് സമീപനമാണ് അതിര്‍ത്തി വിഷയത്തില്‍ സ്വീകരിക്കുന്നത് എന്നതിന് അനുസരിച്ചിരിക്കും മുന്നോട്ടുള്ള കാര്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാങ്ഗോങ് തടാകത്തിന്‍റെ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയില്‍ എത്തിയിട്ടുണ്ട്. സംഘര്‍ഷം നടക്കുന്ന മറ്റ് സ്ഥലങ്ങളുടെ വിഷയത്തിലും ചര്‍ച്ച പുരോഗമിക്കുകയാണ്. തര്‍ക്ക കേന്ദ്രങ്ങളില്‍ നിന്നും സേനയെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തയ്യാറായിട്ടുണ്ട്. തര്‍ക്ക പ്രദേശങ്ങളുടെ കാര്യത്തില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മെയ് മാസങ്ങളില്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു സേനകളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ പലകുറി നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.