ന്യൂഡല്‍ഹി: തീവ്രവാദമാണ് ലോകത്തിന്‍റെ സമാധാനത്തിനും സുരക്ഷയ്ക്കും ഏറ്റവും വലിയ ഭീഷണിയെന്നും വെല്ലുവിളികളെ നേരിടാൻ കൂട്ടായ സമീപനം ആവശ്യമാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ മീറ്റിംഗ്-പ്ലസ് (എഡിഎംഎം-പ്ലസ്) വെർച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ധനസഹായം നൽകുകയും തീവ്രവാദികൾക്ക് അഭയം നൽകുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിലെ (എഫ്എടിഎഫ്) അംഗമെന്ന നിലയിൽ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ധനസഹായം നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. തീവ്രവാദികൾക്കിടയിൽ നെറ്റ്‌വർക്കിംഗ് വലുതാകുന്ന പശ്ചാത്തലത്തില്‍ കൂട്ടായ സഹകരണത്തിലൂടെ മാത്രമേ തീവ്രവാദ സംഘടനകളെയും അവരുടെ ശൃംഖലകളെയും പൂർണമായും തകര്‍ക്കാനാകുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read more: ആസിയാൻ പ്രതിനിധികളുടെ പ്രാദേശിക സുരക്ഷാ യോഗത്തിൽ പങ്കെടുത്ത് രാജ്‌നാഥ് സിങ്
ഇന്തോ-പസഫിക്ക് മേഖലയില്‍ സ്വതന്ത്രവും തുറന്നതും സമഗ്രവുമായ വ്യവസ്ഥ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്ത് ആസിയാന്‍ രാജ്യങ്ങളും ഇന്ത്യ, ചൈന, ഓസ്‌ട്രേലിയ, ജപ്പാൻ, ന്യൂസിലാന്‍റ്, റിപ്പബ്ലിക് ഓഫ് കൊറിയ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നി എട്ട് പങ്കാളിത്ത രാജ്യങ്ങളും ഉള്‍പ്പെട്ടതാണ് എഡിഎംഎം-പ്ലസ്.