ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്കോട്ടിൽ കൊവിഡ് മരണങ്ങൾ കൂടിയ സാഹചര്യത്തിൽ ശ്മശാനങ്ങൾ മൃതശരീരങ്ങളാല്‍ നിറഞ്ഞുകവിയുന്നു.കൊവിഡ് ബാധിച്ച് മരിച്ചവരെ ദഹിപ്പിക്കുന്നതിനായി ശ്മശാനങ്ങൾ എല്ലാദിവസവും 24 മണിക്കൂര്‍ പ്രവർത്തിക്കുന്നതിനാൽ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു. പല ശ്മാശാനങ്ങളിലെയും ചിമ്മിനികളും ഫർണറുകളും തകർന്നു. ശവശരീരങ്ങൾ കൂട്ടിയിട്ട് കത്തിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുളള മരണാനന്തര ചടങ്ങുകൾ ദൈര്‍ഘ്യമേറിയതായതിനാല്‍ ശ്മാശാനങ്ങളിലെ ക്യൂവും നിയന്ത്രണങ്ങൾക്ക് അപ്പുറമാണ്. രാജ്കോട്ടില്‍ ദിവസവും 50ലേറെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഗുജറാത്തിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വൻ വർധനയാണ്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 7,410 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 3,67,616 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 73 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,995 ആയി. ഏപ്രിൽ മാസത്തിൽ മാത്രം 59,918 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 2,642 പേർ കൊവിഡ് രോഗത്തിൽ നിന്ന് മുക്തി നേടി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 3,23,371 ആയി. നിലവിൽ സംസ്ഥാനത്ത് 39,250 പേർ ചികിത്സയിലുണ്ട്.