Rajinikanth watch Jailer with Yogi Adityanath: ഉത്തര്‍പ്രദേശിലെത്തി സൂപ്പര്‍സ്‌റ്റാര്‍ രജനികാന്ത് (Rajinikanth). തലസ്ഥാന നഗരമായ ലഖ്‌നൗവിൽ എത്തിയ താരം മാധ്യമങ്ങളുമായി സംവദിച്ചു. മാധ്യമങ്ങളോട് താരം തന്‍റെ പദ്ധതികളെ കുറിച്ച് പങ്കുവയ്‌ക്കുകയും ചെയ്‌തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം (UP Chief Minister Yogi Adityanath) തന്‍റെ 'ജയിലര്‍' (Jailer movie) സിനിമ കാണുമെന്ന് രജനികാന്ത് മാധ്യമങ്ങളെ അറിയിച്ചു. സിനിമയുടെ വിജയത്തെ കുറിച്ചും രജനികാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
Rajinikanth reacts to media: 'അതെ, ഞാൻ അദ്ദേഹത്തോടൊപ്പം എന്‍റെ സിനിമ (ജയിലർ) കാണാൻ പോകുന്നു' -മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് രജനികാന്ത് ഇപ്രകാരമാണ് പ്രതികരിച്ചത്. രജനികാന്ത് അദ്ദേഹത്തിന്‍റെ വാഹനത്തില്‍ കയറുന്നതിന് മുമ്പായി, 'ജയിലറി'ന് ലഭിക്കുന്ന വൻ പ്രതികരണത്തെ കുറിച്ചും മാധ്യമങ്ങള്‍ താരത്തോട് ആരാഞ്ഞു. 'ഇത് ദൈവത്തിൽ നിന്നുള്ള അനുഗ്രഹം' എന്നാണ് താരം മറുപടി നല്‍കിയത്.
Rajinikanth in Jharkhand: ഉത്തരേന്ത്യയിലെ ചില ആത്മീയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വരികയാണിപ്പോള്‍ താരം. നേരത്തെ ഝാര്‍ഖണിലെ റാഞ്ചിയിലായിരുന്നു സൂപ്പര്‍സ്റ്റാര്‍. വെള്ളിയാഴ്‌ച അദ്ദേഹം റാഞ്ചിയിലെ ചിന്നമസ്‌ത ക്ഷേത്രം (Chhinnamasta Temple) സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തിയിരുന്നു. റാഞ്ചിയിലെ ബിര്‍സ മുണ്ട വിമാനത്താവളത്തില്‍ (Birsa Munda Airport) എത്തിയപ്പോഴാണ് താരം മാധ്യമങ്ങളുടെ കണ്ണിലുടക്കിയത്. തന്‍റെ ഈ ക്ഷേത്ര സന്ദര്‍ശനത്തെ കുറിച്ച് താരം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്‌തു.
Rajinikanth visit Chhinnamasta Temple: 'മനസിന് നല്ല സന്തോഷം തോന്നുന്നു. ഞാൻ ചിന്നമസ്‌ത ക്ഷേത്രം സന്ദര്‍ശിച്ചു. വര്‍ഷങ്ങളായി ഈ ക്ഷേത്രം സന്ദര്‍ശിക്കണമെന്ന് കരുതിയിരുന്നു. ഇത്തവണ അവിടെ പോയി. വളരെ സന്തോഷം. ഇത് മൂന്നാം തവണയാണ ഞാൻ ഇവിടെ വരുന്നത്. എല്ലാ വർഷവും ഇവിടെ വരാറുണ്ട്' -രജനികാന്ത് പറഞ്ഞു.
Rajinikanth met Jharkhand Governor CP Radhakrishnan: റാഞ്ചിയിലെ യഗോദ ആശ്രമവും (Yagoda ashram) സന്ദര്‍ശിച്ച താരം അവിടെ ഒരു മണിക്കൂർ ധ്യാനിച്ചു. പിന്നീട് രാജ്ഭവനിലെത്തി ജാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്‌ണനുമായി കൂടിക്കാഴ്‌ച നടത്തി. തന്‍റെ സിനിമയുടെ റിലീസിന് ശേഷം അനുഗ്രഹം തേടി താരം ബദരീനാഥ് ധാമിലും എത്തിയിരുന്നു. പാണ്ഡവ്ഖോലിയിലെ ഒരു ഗുഹയില്‍ ധ്യാനം നടത്തുകയും ചെയ്‌തു.
Rajinikanth in Himalayas: ജയിലർ റിലീസറിന് മുന്നോടിയായി താരം ഹിമാലയത്തിലേക്ക് ആത്മീയ യാത്ര പുറപ്പെട്ടിരുന്നു. താൻ പലപ്പോഴും ഹിമാലയം സന്ദർശിക്കാറുണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ നാല് വർഷമായി രജനികാന്തിന് ഹിമാലയം സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല.
Rajinikanth visit Mahavatar Babaji cave: ഉത്തരാഖണ്ഡിലെ മഹാവതാർ ബാബാജി ഗുഹയും താരം സന്ദർശിച്ചിരുന്നു. കറുത്ത ട്രാക് സ്യൂട്ടും ബ്രൗൺ ഷർട്ടും ധരിച്ചാണ് താരം മഹാവതാർ ബാബാജി ഗുഹയിൽ ധ്യാനിക്കാനെത്തിയത്.
More about Jailer: നെല്‍സണ്‍ ദിലീപ്‌കുമാര്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ രമ്യ കൃഷ്‌ണന്‍, തമന്ന ഭാട്ടിയ, വിനായകന്‍, യോഗി ബാബു എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. മോഹന്‍ലാല്‍, ജാക്കി ഷ്‌റോഫ് എന്നിവര്‍ അതിഥി വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു പൊലീസ് ഓഫിസറുടെ അച്ഛന്‍റെ വേഷമാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിച്ചത്.