ജയ്‌പൂർ: ഹോംവർക്ക് പൂർത്തിയാക്കാതെ വന്നതിന് എട്ടാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ച് കൊലപ്പെടുത്തി. സലാസർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കൊലേസർ വില്ലേജിലെ പ്രൈവറ്റ് സ്‌കൂളിലാണ് സംഭവം.
ഓംപ്രകാശിന്‍റെ മകൻ ഗണേഷ്(13) ആണ് അധ്യാപകന്‍റെ മർദനങ്ങൾക്കിരയായി കൊല്ലപ്പെട്ടത്. അധ്യാപകൻ കുട്ടിയെ തറയിലേക്ക് തള്ളിയിട്ട ശേഷം ചവിട്ടുകയും മാരകമായി മർദിക്കുകയുമായിരുന്നു. കുട്ടി അബോധാവസ്ഥയിലായപ്പോൾ അഭിനയിക്കുകയാണെന്ന് പറഞ്ഞ അധ്യാപകൻ ആശുപത്രിയിൽ കൊണ്ടുപോകാൻ വിസമ്മതിക്കുകയും ചെയ്‌തു.
വിവരമറിഞ്ഞയുടൻ കുട്ടിയുടെ പിതാവ് ഓംപ്രകാശും കുടുംബാംഗങ്ങൾ സ്‌കൂളിലെത്തി കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കൂൾ ഉടമ ബൻവാരിലാലിന്‍റെ മകനും സ്‌കൂളിലെ അധ്യാപകനുമായ മനോജ് ആണ് ക്രൂരമായി മർദിച്ച് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഗണേഷിന്‍റെ പിതാവ് ആരോപിക്കുന്നു. മനോജ് ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് ഗണേഷ് മുൻപും പരാതിപ്പെട്ടിരുന്നതായും പിതാവ് ഓംപ്രകാശ് പറയുന്നു.
തലേദിവസം നൽകിയ ഗൃഹപാഠം ഗണേഷ് ചെയ്‌തില്ലെന്ന് അറിഞ്ഞ് ക്ലാസിലേക്ക് എത്തിയ മനോജ് മറ്റ് വിദ്യാർഥികളുടെ മുൻപിൽ വച്ച് തറയിൽ തള്ളിയിടുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഗണേഷ് മരിച്ചതുപോലെ അഭിനയിക്കുകയാണെന്ന് മനോജ് തന്നെയാണ് കുട്ടിയുടെ കുടുംബത്തെ അറിയിച്ചത്.
പ്രതി മനോജിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തതായി സലാസർ സ്റ്റേഷൻ ഹൗസ് ഓഫീസർ സന്ദീപ് വിഷ്ണോയ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം മാതാപിതാക്കൾക്ക് കൈമാറി.
Also Read: ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്‌ടോബർ 26 ലേക്ക് മാറ്റി