ന്യൂഡൽഹി: രാജസ്ഥാൻ ഫോൺ ടാപ്പിങ് കേസുമായി ബന്ധപ്പെട്ട് ജൂൺ 24ന് ഹാജരാകണമെന്ന് കാണിച്ച് രാജസ്ഥാൻ കോൺഗ്രസ് നേതാവ് മഹേഷ് ജോഷിക്ക് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. രാജസ്ഥാൻ സർക്കാർ അനധികൃതമായി ജനപ്രതിനിധികളുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നുണ്ടെന്നും അവ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്നും കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് ആരോപിച്ചിരുന്നു.
രാജസ്ഥാനിൽ ഫോൺ ചോർത്തുന്നില്ലെന്ന് കഴിഞ്ഞ വർഷം മുഖ്യമന്ത്രി പറഞ്ഞെങ്കിലും നിയമവിരുദ്ധമായി ഫോണുകൾ ചോർത്തുന്നതായി സംസ്ഥാനത്തെ മന്ത്രി നിയമസഭയിൽ സമ്മതിച്ചതായി ശെഖാവത്ത് പറഞ്ഞു. നിരവധി എംഎൽഎമാരും മന്ത്രിമാരും പ്രശ്നം ഉന്നയിച്ചിട്ടുണ്ട്.
തന്‍റെ ഫോൺ ചോർത്തുന്നില്ലെന്നും എന്നാൽ മറ്റ് പല എംഎൽഎമാരുടെയും ഫോൺ സംഭാഷണങ്ങൾ ചോർത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും രാജസ്ഥാൻ എംഎൽഎ വി.പി സോളങ്കി പറഞ്ഞു.
Also Read: കലകളുടെ അത്ഭുതങ്ങളൊരുക്കി രഘുനാഥ് മോഹൻപാത്ര
എന്നാൽ ആരോപണം നിഷേധിച്ച ഗതാഗത മന്ത്രി പ്രതാപ് സിങ് ഖചരിയാവാസ് ഫോൺ ടാപ്പ് ചെയ്തുവെന്ന് പറയപ്പെടുന്ന എംഎൽഎമാരുടെ പേരുകൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ വാക്കുതർക്കം നിലനിന്നിരുന്ന സമയത്താണ് ഫോൺ ചോർത്തൽ ആരോപണം ഉയർന്ന് വന്നത്.