ജയ്‌പൂര്‍: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയ്ക്ക് വേണ്ടി ചാരപണി നടത്തിയെന്നാരോപിച്ച് ഒരാളെ ഇന്ത്യൻ മിലിറ്ററി ഇന്‍റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്‌തു. ബസ്‌നിപൂർ സ്വദേശിയായ ബേ ഖാന്‍ എന്നയാളെയാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ മിലിട്ടറി സ്റ്റേഷൻ ഗേറ്റിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
പാകിസ്ഥാൻ, ഓസ്‌ട്രേലിയ, ശ്രീലങ്ക, യുകെ തുടങ്ങിയ രാജ്യങ്ങളിലെ സംശയാസ്‌പദമായ നിരവധി ഫോണ്‍ നമ്പറുകള്‍ ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തി. ജയ്‌സാല്‍മീര്‍ സൈനിക കേന്ദ്രത്തിന് സമീപം കാന്‍റീന്‍ നടത്തിയിരുന്ന ഇയാള്‍ സൈനിക കേന്ദ്രത്തിലെ പതിവ് സന്ദർശകനായിരുന്നു. ഐഎസ്‌ഐ സ്ഥാപിച്ച ഹണി ട്രാപ്പില്‍ ഇയാള്‍ പെട്ടതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
Read more: പാകിസ്ഥാന് രഹസ്യ വിവരങ്ങൾ കൈമാറിയ യുവാവ് അറസ്റ്റിൽ
വിവിധ രഹസ്യാന്വേഷണ ഏജൻസികളും ഇന്ത്യന്‍ മിലിറ്ററി ഇന്‍റലിജന്‍സ് വിഭാഗവും പ്രതിയെ ചോദ്യം ചെയ്യുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് സൈന്യത്തിന്‍റെ ഔദ്യോഗിക പ്രസ്‌താവന പുറത്ത് വന്നിട്ടില്ല. നേരത്തെ പാകിസ്ഥാനിൽ ചാരപ്പണി നടത്തിയെന്ന സംശയത്തെ തുടർന്ന് ചന്ദൻ ഫയറിങ് റേഞ്ചിന് സമീപം മറ്റൊരാളെയും അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്‌തിരുന്നു.