മുംബൈ: നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ വ്യവസായി രാജ് കുന്ദ്രക്കെതിരെ കൂടുതല്‍ ആരോപണവുമായി മോഡല്‍ രംഗത്ത്. വെബ് സീരിസിന് വേണ്ടി ന്യൂഡ് ഓഡിഷന്‍ നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. സമൂഹ മാധ്യമത്തിലൂടെയാണ് യുവതി ആരോപണം ഉന്നയിച്ചത്.
കൊവിഡ് ഒന്നാം തരംഗ സമയത്താണ് ഓഡിഷന് വേണ്ടിയുള്ള കോള്‍ ലഭിക്കുന്നത്. രാജ് കുന്ദ്ര നിര്‍മിക്കുന്ന വെബ് സീരിസില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഉമേഷ് കമാത്ത് എന്നയാളാണ് വിളിച്ചത്. വീഡിയോ കോളിലൂടെ ന്യൂഡ് ഓഡിഷന്‍ നടത്തണമെന്നായിരുന്നു ആവശ്യമെന്ന് യുവതി വീഡിയോയില്‍ പറയുന്നു.
ഇക്കാര്യം വാര്‍ത്ത സമ്മേളനത്തിലൂടെ പുറം ലോകത്തെ അറിയിച്ചിരുന്നെന്നും രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെന്നും യുവതി വ്യക്തമാക്കി. ഫെബ്രുവരിയില്‍ മാല്‍വാനി പൊലീസ് സ്റ്റേഷനില്‍ സമാന ആരോപണങ്ങളുമായി മറ്റൊരു യുവതി കുന്ദ്രക്കെതിരെ പരാതി നല്‍കിയിരുന്നു.
പോണോഗ്രാഫി റാക്കറ്റുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്രയെയും കുന്ദ്രയുടെ ഉമസ്ഥതയിലുള്ള വിയാന്‍ ഇന്‍ഡസ്ട്രീസിന്‍റെ ഐടി തലവന്‍ റയാന്‍ തോപ്പെയേയും തിങ്കളാഴ്‌ച രാത്രിയാണ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. പോര്‍ണോഗ്രാഫിക്ക് കണ്ടന്‍റുകള്‍ നിര്‍മിച്ചുവെന്നും മൊബൈല്‍ അപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്തെന്നുമായിരുന്നു കേസ്. ഇരുവരെയും മുംബൈ കോടതി ജൂലൈ 23 വരെ റിമാന്‍ഡ് ചെയ്‌തു.
Read more: നീലച്ചിത്ര നിർമാണം; രാജ് കുന്ദ്രയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു