ന്യൂഡല്‍ഹി : തിങ്കളാഴ്‌ചയുണ്ടായ കനത്ത മഴ ഡല്‍ഹിയ്ക്ക് കനത്ത ചൂടില്‍ നിന്ന് ആശ്വാസം നല്‍കിയതിനൊപ്പം വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടം. നഗരത്തിലെ ജവൽപുരി, ഗോകൽപുരി, ശങ്കർറോഡ്, മോത്തി നഗർ എന്നിവിടങ്ങളില്‍ വീടുകള്‍ തകര്‍ന്ന് എട്ട് പേര്‍ക്ക് പരിക്കേറ്റതായി അഗ്നി ശമന സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരങ്ങള്‍ കടപുഴകി വീണതോടെ റോഡരികില്‍ നിര്‍ത്തിയിട്ട എട്ട് വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.
തെക്കൻ ഡൽഹിയിലെ ന്യൂ മോട്ടി ബാഗിൽ കാറിന് മുകളില്‍ മരം വീണെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മരങ്ങള്‍ കടപുഴകി വീണതോടെ വിവിധയിടങ്ങളിലെ വൈദ്യുതി നിലച്ചു. ഐടിഒ, ഡിഎൻഡി, നർസിങ്പൂർ-ജയ്പൂർ റോഡ്, എയിംസ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
also read: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
ഇതോടെ റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. സര്‍വീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിനായി യാത്രക്കാര്‍ എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്തു.
ശക്തമായ കാറ്റ് കാരണം ഡല്‍ഹിയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നതിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് വിസ്താരയും സ്‌പൈസ്‌ജെറ്റും ട്വിറ്ററിലൂടെ അറിയിച്ചു.