ഗുവാഹത്തി: അസമില്‍ കനത്ത മഴയെ തുടര്‍ന്ന് ആറ് ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷം. ലഖിംപൂർ, ധേമാജി, ചറൈഡിയോ, ജോർഹത്ത്, കരിംഗഞ്ച്, കാംരൂപ് ജില്ലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. പ്രളയ ബാധിത മേഖലകളില്‍ നിന്നുള്ള 21,733 പേര്‍ ദുരിതത്തിലായെന്നും ഇവരെ ദുരിതാശ്വാസ ക്യാമ്പിലാക്കിയെന്നും അസം സ്റ്റേറ്റ് ഡിസാസ്‌റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി അറിയിച്ചു. ധേമാജി ജില്ലയിൽ 11,659 പേരെയും ലഖിംപൂർ ജില്ലയിൽ 7,516 പേരെയുമാണ് സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിയത്.
നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഡിച്ചാങ്, ദിഖോവ് നദികളില്‍ ജലനിരപ്പ് അപകടമാം വിധം ഉയര്‍ന്നു. നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ നംഗ്ലമുരഘട്ട്, ശിവസാഗർ എന്നീ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അരുണാചല്‍ പ്രദേശിലെ തുടര്‍ച്ചയായ ശക്തമായ മഴയും അസമിലെ നദികളില്‍ ജലനിരപ്പ് ഉയരാന്‍ കാരണമാകുന്നുണ്ടെന്ന് അസം സ്റ്റേറ്റ് ഡിസാസ്‌റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി അറിയിച്ചു.
നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. വീടുകളിലും കെട്ടിടങ്ങളിലും വെള്ളം കയറി. വൈദ്യുതി തൂണുകള്‍ മറിഞ്ഞ് വീണു. വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ കടപുഴകി വീണു. ദേശീയ പാത 15 വെള്ളത്തിനടിയിലായി.
ഇതോടെ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു. വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് 1479.27 ഹെക്‌ടര്‍ കൃഷിയിടം നശിച്ചു. 24,261 വളര്‍ത്തുമൃഗങ്ങള്‍ ദുരിതത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ ശക്തമായ മഴയില്‍ ബിശ്വനാഥ് സബ്‌ഡിവിഷനിലെ 20 റോഡുകളും നിരവധി കലുങ്കുകളും മത്സ്യബന്ധന കുളങ്ങളും തകർന്നു.
സുരക്ഷിതയിടം ഒരുക്കി സര്‍ക്കാര്‍: സംസ്ഥാനത്ത് മഴ ശക്തിയാര്‍ജിച്ച സാഹചര്യത്തില്‍ ആറ് ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ബിശ്വനാഥ് സബ്‌ഡിവിഷനില്‍ മാത്രം 10 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അവശ്യ സാധനങ്ങള്‍ വിതരണം ചെയ്‌തു. 64.91 ക്വിന്‍റൽ അരി, 11.90 ക്വിന്‍റൽ പയർ, 3.45 ക്വിന്‍റൽ ഉപ്പ്, 343.99 ലിറ്റർ കടുകെണ്ണ എന്നിവയാണ് ക്യാമ്പില്‍ വിതരണം ചെയ്‌തത്.
ആളപായമില്ലെന്ന് റിപ്പോര്‍ട്ട്: ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ശനിയാഴ്‌ച ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റി അറിയിച്ചു. മഴയെ തുടര്‍ന്ന് ഈ വർഷം വിവിധയിടങ്ങളിലുണ്ടായ ദുരന്തത്തില്‍ ഇതുവരെ 7 പേരാണ് മരിച്ചതെന്നാണ് അതോറിറ്റി പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
also read: ഉത്തരാഖണ്ഡിലെ പിത്തോരഗഡിൽ മേഘവിസ്‌ഫോടനം ; റോഡുകളും പാലങ്ങളും ഒലിച്ചുപോയി, താറുമാറായി ജനജീവിതം