ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസിന്‍റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി ഇന്ത്യൻ റെയിൽവേ. നിലവില്‍ നിര്‍മാണ ഘട്ടത്തിലുള്ള 44 വന്ദേഭാരത് ട്രെയിനുകള്‍ക്ക് പുറമേ, 58 ട്രെയിനുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. ടെൻഡർ വിളിച്ചതില്‍ സീമെൻസ്, ഭെൽ, മേധ, ടിറ്റാഗർ വാഗൺസ്, ബൊംബാർഡിയർ, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് ഉള്‍പ്പെടെ ഒമ്പത് കമ്പനികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്‌തിട്ടുണ്ട്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ബജറ്റില്‍ ധനന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. മികച്ച ഊർജ ക്ഷമതയും യാത്രാ അനുഭവവും പ്രദാനം ചെയ്യുന്ന ട്രെയിനുകളായിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
വന്ദേഭാരത് എക്‌സ്പ്രസിന്‍റെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഈയിടെ അറിയിച്ചിരുന്നു. ഏപ്രിലില്‍ ഇതിന്‍റെ പരീക്ഷണം നടത്തിയ ശേഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ സീരിയൽ നിർമാണം ആരംഭിക്കാനാണ് റെയില്‍വേയുടെ തീരുമാനം.
നിർമാണത്തിലിരിക്കുന്ന 44 ട്രെയിൻ സെറ്റുകളിൽ മികച്ച ഇരിപ്പിടം, എസി കോച്ചുകളിലെ ആന്‍റി ബാക്‌ടീരിയൽ സംവിധാനം തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ഉരുക്കിന് പകരം ഭാരം കുറഞ്ഞ അലുമിനിയം കൊണ്ടാണ് ട്രെയിന്‍ സെറ്റുകള്‍ നിര്‍മിക്കുന്നത്.
16 കോച്ചുകളുള്ള ഒരു സെറ്റിന് ഏകദേശം 106 കോടി രൂപയാണ് ചെലവ്. നിലവിലുള്ള ട്രെയിൻ സെറ്റിനേക്കാള്‍ ഏകദേശം 25 കോടി രൂപ അധികമാണ്.