മുംബൈ(മഹാരാഷ്‌ട്ര): വന്ദേഭാരത് എക്‌സ്‌പ്രസ് തകരില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ട്രെയിനുകൾ കന്നുകാലികളിൽ ഇടിക്കുന്നത് പതിവാണ്. അത് മുന്നിൽ കണ്ടാണ് ട്രെയിനിന്‍റെ നിർമാണം.
കഴിഞ്ഞ ദിവസം കന്നുകാലികളെ ഇടിച്ച് വന്ദേഭാരത് എക്‌സ്‌പ്രസിന്‍റെ മുൻഭാഗം തകർന്നിരുന്നു. അപകടമുണ്ടായാൽ ട്രെയിനിന് ഒന്നും സംഭവിക്കില്ല. ട്രെയിനിന്‍റെ നോസ്‌കവര്‍ അപകടത്തില്‍ തകര്‍ന്നാലും അത് പൂർണമായി മാറ്റാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
വല്ലഭ് വിദ്യാനഗറിലെ എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികളുമായി സംസാരിക്കുമ്പോഴായിരുന്നു വന്ദേഭാരത് എക്‌സ്‌പ്രസിനെ കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം. ഇന്ത്യയിലെ റെയിൽവേ പാളങ്ങൾ വളരെ താഴെയായാണ് സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കന്നുകാലികൾ റെയിൽവേ പാളങ്ങൾ മുറിച്ചുകടക്കും. ആർക്കും അവയെ തടയാൻ കഴിയില്ല.
ട്രെയിനുകൾ 120 മുതൽ 160 കിലോമീറ്റർ വേഗതയിലാണ് ഓടുന്നത്. ചിലപ്പോൾ കന്നുകാലികളുമായി കൂട്ടിയിടിക്കാം. അതുകൊണ്ട് അത്തരത്തിലാണ് ട്രെയിനിന്‍റെ നിർമാണം. ഇനി അവതരിപ്പിക്കുന്ന വന്ദേഭാരത് 200 കിലോമീറ്റർ വേഗതയിലായിരിക്കും സഞ്ചരിക്കുക. ഗാന്ധിനഗർ മുബൈ റൂട്ടിൽ സഞ്ചരിക്കുന്ന ഏറ്റവും പുതിയ പതിപ്പിന് 160 കിലോമീർ വേഗതയാണുള്ളത്.
മുംബൈയിൽ നിന്ന് ഗാന്ധിനഗറിലേക്ക് പോകുകയായിരുന്ന സെമി - ഹൈ സ്‌പീഡ് ട്രെയിൻ ഇന്നലെയാണ് (06.10.2022) പോത്തുകളെ ഇടിച്ച് അപകടത്തിൽപ്പെട്ടത്. കന്നുകാലികളെ ഇടിച്ചതിനെ തുടര്‍ന്ന് ട്രെയിനിന്‍റെ ഡ്രൈവര്‍ കോച്ചിന്‍റെ നോസ് കോണ്‍ കവറിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. തകര്‍ന്ന നോസ് കോണ്‍ കവര്‍ മാറ്റിയിട്ടുണ്ടെന്ന് റെയില്‍വെ അറിയിച്ചു.
സെപ്‌റ്റംബർ 30നാണ് ഗാന്ധിനഗർ-മുംബൈ വന്ദേഭാരത് എക്‌സ്‌പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്‌തത്. ഇതിനുശേഷം ഗാന്ധിനഗറിൽ നിന്ന് അഹമ്മദാബാദിലെ കലുപൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രധാനമന്ത്രി ട്രെയിനില്‍ യാത്ര ചെയ്‌തിരുന്നു. ഫ്ലാഗ് ഓഫ് ചെയ്യപ്പെട്ട രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനാണിത്.
52 സെക്കൻഡിൽ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്നവയാണ് വന്ദേ ഭാരത് ട്രെയിനുകള്‍. കൂട്ടിയിടി ഒഴിവാക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കവച് (KAVACH) സാങ്കേതിക വിദ്യയും വന്ദേ ഭാരത് ട്രെയിനുകളിലുണ്ട്.