മുംബൈ : ടൗട്ടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേ ചില ട്രെയിനുകൾ റദ്ദാക്കിയേക്കും. മെയ് 17, 18 തിയ്യതികളില്‍ ഗുജറാത്ത് തീരദേശ മേഖലയിൽ ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് വന്നതോടെ ചില ട്രെയിനുകൾ റദ്ദാക്കുകയോ എണ്ണം ചുരുക്കുകയോ ചെയ്യുമെന്ന് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സുമിത് താക്കൂർ അറിയിച്ചു. ഞായറാഴ്‌ചയോടെ ടൗട്ടെ കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മെയ് 18 ന് രാവിലെയോടെ ടൗട്ടെ ഗുജറാത്ത് തീരം തൊട്ടേക്കും. അപകടസാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ അറേബ്യൻ കടലിലും കേരള, കർണാടക, ഗോവ, മഹാരാഷ്ട്ര തീരങ്ങളിലും മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്.
കൂടുതൽ വായനയ്‌ക്ക്: ടൗട്ടെ ചുഴലിക്കാറ്റ് മെയ് 18ന് രാവിലെ ഗുജറാത്ത് തീരം തൊടും
ടൗട്ടെയോടനുബന്ധിച്ച് കേരളത്തില്‍ കനത്തമഴയും കാറ്റും കടല്‍ക്ഷോഭവുമുണ്ടായിരുന്നു. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ കൂടുതൽ ശക്തി പ്രാപിച്ചുവരികയാണ്. ഇതിന്‍റെ പശ്ചാത്തലത്തിൽ ഗ്രേറ്റർ മുംബൈയിലെ ജംബോ സെന്‍ററുകളിൽ നിന്നും കൊവിഡ് രോഗികളെ മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്തുടങ്ങിയിരുന്നു.