ന്യൂഡൽഹി : ലോക്‌സഭാംഗത്വം പുന:സ്ഥാപിക്കപ്പെട്ടതിന് ശേഷം ആദ്യമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെത്തുന്നു. ആഗസ്റ്റ് 12-13 തീയതികളിൽ രാഹുല്‍ ഗാന്ധി വയനാട് സന്ദർശിക്കാനെത്തുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തതിനെ തുടർന്നാണ് രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാംഗത്വം തിരികെ ലഭിച്ചത്. ജനാധിപത്യം വിജയിച്ചതിൽ വയനാട്ടിലെ ജനങ്ങൾ സന്തോഷവാന്മാരാണെന്നും അവരുടെ ശബ്ദം പാർലമെന്റിൽ തിരിച്ചെത്തിയിരിക്കുന്നെന്നും രാഹുൽ ജി വെറുമൊരു എംപിയല്ല അവരുടെ കുടുംബത്തിലെ അംഗമാണ് എന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ട്വീറ്റിൽ കുറിച്ചു.
'മുഴുവൻ ഇന്ത്യയും എന്‍റെ വീടാണ്': ലോക്‌സഭാംഗത്വം പുനസ്ഥാപിക്കപ്പെട്ടതിനെ തുടർന്ന് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലേക്ക് രാഹുല്‍ ഗാന്ധി ഉടൻ തിരികെയെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഡല്‍ഹി തുഗ്ലക് ലെയിനിലെ വസതി രാഹുലിന് അനുവദിച്ചുകൊണ്ട് ലോക്‌സഭ ഹൗസ് കമ്മിറ്റി ഉത്തരവിറക്കി. എന്നാല്‍ ' മുഴുവൻ ഇന്ത്യയും എന്‍റെ വീടാണ്' എന്നാണ് ഇതിനെ കുറിച്ച് രാഹുല്‍ പ്രതികരിച്ചത്. മോദി പരാമർശത്തിലുള്ള അപകീർത്തി കേസ് നിലനിന്നതിനാല്‍ ലോക്‌സഭാംഗത്വം റദ്ദായതിനെ തുടർന്നാണ് രാഹുലിന് കഴിഞ്ഞ ഏപ്രില്‍ മാസം ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കേണ്ടി വന്നത്. തുടർന്ന് സോണിയ ഗാന്ധിയുടെ അത്ത് ജൻപഥിനെ വീട്ടിലായിരുന്നു രാഹുലിന്‍റെ താമസം.
കേസിന്‍റെ വഴി: കള്ളന്‍മാര്‍ക്കെല്ലാം മോദി എന്ന് പേരുണ്ടായത് എങ്ങനെ എന്ന രാഹുലിന്‍റെ ചോദ്യം മോദി വിഭാഗത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തി എന്ന് ചൂണ്ടികാട്ടി ബിജെപി നേതാവ് പൂര്‍ണേഷ് മോദി നല്‍കിയ ഹർജിയിലാണ് രാഹുലിന് എതിരെ മാര്‍ച്ച് 23ന് സൂറത്ത് കോടതി രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചത്. ഇതേ തുടർന്ന് മാർച്ച് 24 ന് പാഹുല്‍ ഗാന്ധിയെ ലോക്‌സഭ എംപി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു.
ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ജൂലൈ 7 ന് ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ജൂലൈ 15 ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹർജിയിലാണ് രാഹുലിന് അനുകൂലമായ സ്റ്റേ സുപ്രീംകോടതി അനുവദിച്ചത്. 2019ൽ കർണാടകയിലെ കോലാറിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ പ്രസംഗിക്കുന്നതിനിടയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയാണ് വിവാദമായത്.
നീരവ് മോദിയേയും ലളിത് മോദിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പരാമര്‍ശിച്ച് കൊണ്ട് കള്ളന്‍മാര്‍ക്കെല്ലാം മോദി എന്ന് പേരുണ്ടായത് എങ്ങനെ എന്ന രാഹുലിന്‍റെ ചോദ്യം അപകീര്‍ത്തി കേസിലേക്ക് വഴിമാറുകയായിരുന്നു. സൂറത്ത് കോടതി വിധിയെ തുടർന്ന് നഷ്‌ടമായ എംപി പദവി 134 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധിക്ക് തിരികെ കിട്ടുന്നത്.