ബെംഗളൂരൂ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ രാഹുൽ ഗാന്ധി ഇന്ന് കർണാടകയിൽ എത്തും. ബെലഗാവിയിൽ നടക്കുന്ന യുവക്രാന്തി യോഗത്തിൽ രാഹുൽ ഗാന്ധി സംസാരിക്കും. മേയ് മാസത്തിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍റെ സന്ദര്‍ശനം.
രാവിലെ 11 മണിയോടെ ബെലഗാവി വിമാനത്താവളത്തിൽ എത്തിച്ചേരുന്ന രാഹുൽ ഗാന്ധി പരിപാടിക്ക് ശേഷം ഡൽഹിയിലേക്ക് മടങ്ങും. തിങ്കളാഴ്‌ച ഉച്ചയ്ക്ക് ബെലഗാവിയിൽ നടക്കുന്ന യുവക്രാന്തി യോഗത്തിൽ കോൺഗ്രസ് നേതാക്കളുമായി ഇദ്ദേഹം കൂടിക്കാഴ്‌ച നടത്തും. കൂടാതെ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ ബെലഗാവിയിൽ നടക്കുന്ന യുവക്രാന്തി പരിപാടിയിലും കുനിഗലിൽ നടക്കുന്ന പ്രജാധ്വനി പരിപാടിയിലും പങ്കെടുക്കും.
എല്ലാ വീടുകൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി (ഗൃഹജ്യോതി), ഓരോ കുടുംബത്തിലെയും ഗൃഹ നാഥകൾക്ക് (ഗൃഹ ലക്ഷ്‌മി) 2,000 രൂപ പ്രതിമാസ സഹായം, ബിപിഎൽ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ അരി സൗജന്യം (അന്ന ഭാഗ്യ) എന്നിങ്ങനെ മൂന്ന് തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളാണ് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്.
കോലാറിലെ സീറ്റിലെ അനിശ്ചിതത്വം: സിദ്ധരാമയ്യയുടെ സ്ഥാനാർഥിത്വത്തിന് അന്തിമ അനുമതി നൽകാതെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് പിരിഞ്ഞു. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോലാറിൽ നിന്ന് താൻ മത്സരിക്കുമെന്ന് ഹൈക്കമാൻഡിനെ മറികടന്ന് കോലാറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ജനുവരിയിൽ തന്നെ സിദ്ധരാമയ്യ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതേസമയം സിദ്ധരാമയ്യ കോലാറിൽ നിന്ന് മത്സരിച്ചാൽ ജയിച്ചേക്കില്ലെന്ന് പാർട്ടി നടത്തിയ ആഭ്യന്തര സർവേയിൽ കണ്ടെത്തിയതിനാൽ സിദ്ധരാമയ്യയുടെ കോലാറിൽ നിന്ന് മത്സരിക്കണമെന്ന ആഗ്രഹം നടന്നില്ല. ആഭ്യന്തര സർവേ ഫലം അനുകൂലമല്ലാത്തതിനാൽ കോലാറിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം നീട്ടുകയായിരുന്നു. എന്നാൽ ഈ വിഷയത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കട്ടെയെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.
അതേസമയം കോൺഗ്രസിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നലെ ദില്ലിയിൽ ചേർന്നിരുന്നു. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ 125 പേരുടെ ആദ്യ സ്ഥാനാർഥി പട്ടികയ്ക്ക് തെരഞ്ഞെടുപ്പ് സമിതി യോഗം അംഗീകാരം നൽകി. മിക്ക സിറ്റിങ് എംഎൽഎമാർക്കും വീണ്ടും സീറ്റ് ലഭിക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ മുൻപ് തന്നെ അറിയിച്ചിരുന്നു.
അതിനൊപ്പം തന്നെ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്കുവേണ്ടി വിജയസാധ്യതയുള്ള സീറ്റ് കണ്ടെത്താനാവാതെ പ്രതിസന്ധിയിലാണ് എഐസിസി നേതൃത്വം. സ്വന്തം തട്ടകമായ മൈസൂരുവിലെ വരുണയിലേക്ക് തന്നെ സിദ്ധരാമയ്യക്ക് സീറ്റ് നൽകാൻ നേതൃത്വം തീരുമാനിച്ചേക്കും. കോലാറിൽ നിന്ന് സിദ്ധരാമയ്യ മത്സരിക്കേണ്ടതില്ല എന്ന നിലപാടിൽ തന്നെയാണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. 2018ലെ തെരഞ്ഞെടുപ്പിൽ കോലാറിൽ കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടിരുന്നു. പാർട്ടി നടത്തിയ സർവേയും മുൻ അനുഭവങ്ങളുമാണ് മല്ലികാർജുൻ ഖർഗെയെ ഈ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്.