ന്യൂഡൽഹി: അസമിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചാരണവുമായി രാഹുൽ ഗാന്ധി അസമിൽ. തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസാഗറിൽ നടക്കുന്ന റാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ അഞ്ച് രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
അസം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എയുയുഡിഎഫ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ), സിപിഐ (മാർക്സിസ്റ്റ്), സിപിഐ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്), അഞ്ചാലിക് ഗാന മോർച്ച എന്നിവർ ചേർന്ന് ബിജെപിയെ നേരിടുമെന്ന് അസം കോൺഗ്രസ് പ്രസിഡന്‍റ് റിപ്പുൻ ബോറ പറഞ്ഞു. 126 സീറ്റുകളിലേക്കുള്ള അസം നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കുമെന്നാണ് സൂചന.