ന്യൂഡല്‍ഹി : പാര്‍ലമെന്‍റില്‍ നിന്ന് തന്നെ അയോഗ്യനാക്കിയ നടപടിക്കെതിരെ രംഗത്തെത്തിയ പ്രതിപക്ഷനിരയിലെ നേതാക്കള്‍ക്ക് നന്ദിയറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തന്നെ പിന്തുണച്ച എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നന്ദി പറയുന്നുവെന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
നല്‍കിയത് 'വലിയ ആയുധം': 'എന്നെ അയോഗ്യനാക്കിയതിലൂടെ ഭരണസംവിധാനം വലിയ ആയുധമാണ് നല്‍കിയിട്ടുള്ളത്. പാര്‍ട്ടികളെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്' - രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ഈ പരിഭ്രാന്തി പ്രതിപക്ഷത്തിനാണ് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുക. അദാനി അഴിമതിക്കാരനാണ്. പ്രധാനമന്ത്രി ഈ അഴിമതിക്കാരനെ രക്ഷിക്കുന്നതെന്തിനാണെന്ന് ജനങ്ങളുടെ മനസില്‍ ചോദ്യമുണ്ട്. അതുകൊണ്ടുതന്നെ സത്യം പുറത്തുവരുമോ എന്ന് അവർ ഭയപ്പെട്ടു. ഇതോടെ പ്രതിപക്ഷത്തിന് അവര്‍ ഏറ്റവും വലിയ ആയുധം തന്നെ നല്‍കി - രാഹുല്‍ ഗാന്ധി പറഞ്ഞു.
വിമര്‍ശനം കെട്ടുപൊട്ടിച്ച്: വാര്‍ത്താസമ്മേളനത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും രൂക്ഷമായി കടന്നാക്രമിക്കാനും രാഹുല്‍ ഗാന്ധി മറന്നില്ല. വിദേശത്തുവച്ചുള്ള പരാമര്‍ശത്തിനും, അപകീര്‍ത്തികരമായ പ്രസ്‌താവനയ്‌ക്കെതിരെയുള്ള വിചാരണയ്ക്കിടെയും എന്തുകൊണ്ട് മാപ്പ് പറഞ്ഞില്ല എന്ന ബിജെപിയുടെ ചോദ്യത്തിന് രാഹുല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു. തന്‍റെ പേര് സവര്‍ക്കര്‍ എന്നല്ല, താന്‍ ഗാന്ധിയാണ്, മാപ്പ് പറയില്ല - രാഹുല്‍ വ്യക്തമാക്കി. സത്യത്തിന് വേണ്ടി പോരാടുകയും രാജ്യത്തിന്‍റെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കുകയും ചെയ്യുക എന്നതിലുമാണ് ശ്രദ്ധയെന്നും അതിന് എന്ത് തടസങ്ങൾ വന്നാലും നേരിടുമെന്നും രാഹുല്‍ വിശദീകരിച്ചു.
അദാനിയെ വിടാന്‍ ഉദ്ദേശമില്ല : അദാനി വിഷയത്തില്‍ തന്‍റെ അടുത്ത പ്രസംഗം ഭയന്നതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ നിന്ന് തന്നെ അയോഗ്യനാക്കിയത്. അയോഗ്യതയില്‍ ഭയപ്പെടുന്നില്ല. അവർക്ക് തന്നെ നിശബ്‌ദനാക്കാനാകില്ല. വ്യവസായി ഗൗതം അദാനിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചോദ്യങ്ങള്‍ തുടരും. അദാനിയുടെ ഷെല്‍ കമ്പനികളിലേക്ക് 20000 കോടി രൂപ നിക്ഷേപിച്ചത് ആരാണെന്ന ചോദ്യം അവശേഷിക്കുകയാണ്. രാജ്യത്തിന് എതിരെ ഒന്നും സംസാരിച്ചിട്ടില്ലെന്നും ആരെയും ഭയക്കുന്നില്ലെന്നും രാഹുല്‍ ആവര്‍ത്തിച്ചു.
അയോഗ്യത ഇങ്ങനെ : അതേസമയം മാനനഷ്‌ടക്കേസിൽ സൂറത്തിലെ കോടതി വ്യാഴാഴ്ചയാണ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചുവെങ്കിലും പിറ്റേന്നുതന്നെ ലോക്‌സഭ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ പാര്‍ലമെന്‍റില്‍ നിന്ന് അയോഗ്യനാക്കുകയായിരുന്നു. എന്നാല്‍ രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിപക്ഷനിര ഒന്നടങ്കം അണിനിരന്നു. ബിജെപി സര്‍ക്കാര്‍ വൈരാഗ്യത്തിന്‍റെയും വേട്ടയാടലിന്‍റെയും രാഷ്‌ട്രീയമാണ് പയറ്റുന്നതെന്നറിയിച്ച് പ്രതിപക്ഷ നേതാക്കളായ സീതാറാം യെച്ചൂരി, മമത ബാനർജി, കെ.ചന്ദ്രശേഖർ റാവു, പിണറായി വിജയന്‍, എം.കെ സ്‌റ്റാലിൻ, ഹേമന്ദ് സോറൻ, അരവിന്ദ് കെജ്‌രിവാൾ, ശരദ് യാദവ്, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ് എന്നിവരും രംഗത്തെത്തി. ബിജെപിയ്‌ക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ ആഞ്ഞടിച്ച പ്രതിപക്ഷനിര, ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കറുത്ത ദിനമാണെന്നും വിശേഷിപ്പിച്ചു. മാത്രമല്ല രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ കോൺഗ്രസ് രാജ്യത്തുടനീളം പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.