ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പ്രസ്‌താവനകള്‍ക്കെതിരെ പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും ബിജെപി എംപി നിഷികാന്ത് ദുബെയും നൽകിയ പ്രത്യേകാവകാശ ലംഘന നോട്ടിസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് മറുപടി തേടി ലോക്‌സഭ സെക്രട്ടേറിയറ്റ്. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവും പാർലമെന്‍ററി വിരുദ്ധവും കുറ്റകരവുമായ പ്രസ്‌താവനകൾ നടത്തി എന്നറിയിച്ചാണ് പ്രഹ്ലാദ് ജോഷിയും നിഷികാന്ത് ദുബെയും രാഹുലിനെതിരെ പ്രത്യേകാവകാശ ലംഘനത്തിന് നോട്ടിസ് നല്‍കിയത്. ലോക്‌സഭ സ്‌പീക്കറുടെ പരിഗണനയ്ക്കായി ഫെബ്രുവരി 15 നകം മറുപടി നൽകണമെന്നാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് പ്രിവിലേജസ് ആൻഡ് എത്തിക്‌സ് ബ്രാഞ്ച് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തെളിവുകള്‍ നിരത്താന്‍ ആവശ്യം: ഫെബ്രുവരി ഏഴിന് ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിൽ അദാനി ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ സർക്കാരിനെതിരെ രാഹുൽ ഗാന്ധി നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് കോണ്‍ഗ്രസ് എംപി "സ്ഥിരീകരിക്കപ്പെടാത്തതും, കുറ്റകരവും അപകീര്‍ത്തികരവുമായ പ്രസ്‌താവനകള്‍" നടത്തിയെന്നറിയിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ സ്‌പീക്കര്‍ക്ക് കത്തെഴുതിയത്. റൂള്‍ 353 പ്രകാരം സ്‌പീക്കര്‍ക്കും പ്രധാനമന്ത്രിക്കും മുന്‍കൂര്‍ നോട്ടിസ് നല്‍കാതെയാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ആരോപണങ്ങളുന്നയിച്ചതെന്നും ദുബെ കത്തില്‍ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് തെളിവുകള്‍ നല്‍കാമെന്ന് സഭയില്‍ അറിയിച്ചുവെങ്കിലും തന്‍റെ പ്രസ്‌താവനകളെ പിന്തുണയ്‌ക്കുന്ന ആധികാരിക രേഖകളൊന്നും അദ്ദേഹം സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരുന്നു.
സഭയെ തെറ്റിധരിപ്പിച്ചോ: തെളിവുകളുടെ അഭാവത്തില്‍ സഭയെ തെറ്റിധരിപ്പിക്കുന്ന പ്രസ്‌താവനയാണ് അദ്ദേഹം നടത്തിയതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും അറിയിച്ചിരുന്നു. ഇത് സഭയുടെയും അംഗങ്ങളുടെയും പ്രത്യേകാവകാശങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ഇത് സഭയെ അവഹേളിച്ചതിന്‍റെ കേസാണെന്നതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രധാനമന്ത്രിക്കും അദാനിക്കുമെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങള്‍ സ്‌പീക്കർ ഓം ബിർള ലോക്‌സഭ രേഖകളിൽ നിന്ന് നീക്കിയിരുന്നു. രാഹുല്‍ ഗാന്ധി തന്‍റെ ആരോപണങ്ങൾ സാധൂകരിക്കാത്തതിന്‍റെ അടിസ്ഥാനത്തിലാണ് സഭ രേഖകളില്‍ നിന്ന് പരാമര്‍ശം നീക്കിയതെന്നായിരുന്നു സ്‌പീക്കർ അറിയിച്ചത്.
എന്താണ് ആ പ്രസ്‌താവന: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗൗതം അദാനിയും തമ്മില്‍ ബന്ധമുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ ഈ പ്രസ്‌താവന. പ്രധാനമന്ത്രിയും അദാനിയും വിമാനത്തില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുല്‍ തന്‍റെ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. മാത്രമല്ല ബിജെപിയ്ക്ക് അദാനി എത്ര പണം നല്‍കിയെന്നും രാഹുല്‍ ചോദിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്‌ത രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കിയ നടപടിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചത് 'ലോക്‌സഭയില്‍ ജനാധിപത്യം കുഴിച്ചുമൂടപ്പെട്ടു' എന്നറിയിച്ചായിരുന്നു.