ന്യൂഡല്‍ഹി: രാജ്യത്ത് വനിത സംവരണ ബില്‍ (Women reservation Bill) നടപ്പിലാക്കാന്‍ വൈകിയതിനെ തുടര്‍ന്ന് നരേന്ദ്ര മോദി (Naendra modi) സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി (Rahul gandhi). ജാതി അധിഷ്‌ഠിത സെന്‍സസില്‍ (Caste based census) നിന്നും ശ്രദ്ധ തിരിക്കുന്നതിനാണ് സര്‍ക്കാര്‍ വനിത സംവരണ ബില്‍ നടപ്പിലാക്കാനൊരുങ്ങുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കൂടാതെ, വനിത സംവരണ ബില്‍ ഉടനടി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വനിത സംവരണ ബില്‍ നല്ലൊരു ആശയമാണ്. ബില്ല് നടപ്പാക്കുന്നതിന് മുമ്പ് സെന്‍സസ് നടത്തണമെന്നും ബില്ലിന്‍റെ ചില പരിമിതികളും ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും ബില്ല് പാസാക്കിയതിന്‍റെ അടുത്ത ദിവസം അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വനിത സംവരണ ബില്‍ നീട്ടിവയ്‌ക്കാനുള്ള വെറും ഒഴിവുകഴിവുകള്‍ മാത്രമാണ് സെന്‍സസും ബില്ലിലെ പരിമിതികളും. എന്നാല്‍, ഇവയെല്ലാം തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള ബിജെപിയുടെ തന്ത്രമാണന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ക്വാട്ട നടപ്പിലാക്കാതെയാണ് സര്‍ക്കാര്‍ ഇത് പ്രായോഗികമാക്കാന്‍ ശ്രമിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ബില്ലിനെ ആക്ഷേപിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചു. പാർലമെന്‍റ് പ്രത്യേക സമ്മേളനത്തിന്‍റെ മൂന്നാം ദിവസമാണ് ലോക്‌സഭയിൽ മൃഗീയ ഭൂരിപക്ഷം നേടി ബിൽ പാസായത് (Women's Reservation Bill Passed). എട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ 454 എംപിമാരുടെ വോട്ടോടെയാണ് 'നാരി ശക്തി വന്ദൻ അധിനിയം' പാസായത്. രണ്ട് എംപിമാര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തത്. സ്ലിപ് നൽകിയായിരുന്നു വോട്ടെടുപ്പ് നടത്തിയത്.
ലോക്‌സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്‌ത്രീകൾക്കായി സംവരണം ചെയ്യാൻ നിർദേശിക്കുന്നതാണ് ഈ ബിൽ. ഇന്ത്യൻ രാഷ്‌ട്രീയത്തിലെ സ്‌ത്രീകളുടെ പങ്കാളിത്തത്തെ ചുറ്റിപ്പറ്റിയുള്ള പതിറ്റാണ്ടുകളുടെ ശ്രമങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് ഈ സുപ്രധാന നേട്ടം. ഇനി രാജ്യസഭയിൽ ബിൽ ചർച്ച ചെയ്യപ്പെടുകയും വോട്ടെടുപ്പ് നടത്തുകയും ചെയ്യും (Women Reservation Bill In Rajya Sabha).
ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മില്‍ വനിത സംവരണ ബില്‍ നടപ്പിലാക്കുന്നതിനെച്ചൊല്ലി ചൂടേറിയ തര്‍ക്കമായിരുന്നു രാജ്യസഭയില്‍ അരങ്ങേറിയത്. ബിജെപിയിലെയും പ്രതിപക്ഷ പാര്‍ട്ടികളിലെയും നേതാക്കള്‍ മുഖാമുഖം വന്ന ചൂടേറിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഉപരിസഭയില്‍ ചര്‍ച്ച നടക്കുന്നത്.
ലോക്‌സഭയിലെയും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്‌ത്രീകള്‍ക്കായി സംവരണം ചെയ്യാന്‍ ലക്ഷ്യമിടുന്ന ബില്ലിന് കീഴില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളെയും ഉള്‍പ്പെടുത്തണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. ബില്‍ നടപ്പാക്കുന്നതിനുള്ള സമയക്രമമാണ് മറ്റൊരു തര്‍ക്കവിഷയം. അടുത്ത വര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് നിയമം പ്രാബല്യത്തില്‍ വരുത്താനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്.
2026 ലെ സെൻസസിന് ശേഷം മാത്രമേ ബിൽ പ്രാബല്യത്തിൽ വരൂ എന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ സഭയിൽ ആവർത്തിച്ചു. എന്നാൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇതിനെതിരെ ആഞ്ഞടിച്ചു. നിയമം ഉടൻ നടപ്പിലാക്കാൻ തങ്ങൾ ആവശ്യപ്പെടുകയാണെന്ന് ഖാർഗെ വ്യക്തമാക്കി. ഡീലിമിറ്റേഷൻ നടപടികളില്ലാതെ വനിതാ സംവരണ ബിൽ നടപ്പാക്കണമെന്ന കോൺഗ്രസിന്‍റെ ആവശ്യത്തിനെതിരെ ബിജെപി അധ്യക്ഷനും നിലകൊണ്ടു.