ന്യൂഡൽഹി : രാജ്യത്ത് വർഗീയ സംഘർഷങ്ങൾ നിലനിൽക്കെ രാഹുൽ ഗാന്ധി നേപ്പാളില്‍ നിശാപാർട്ടിയിൽ പങ്കെടുത്തുവെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയതോടെ വിശദീകരണവുമായി കോൺഗ്രസ്. സുഹൃത്തിന്‍റെ സ്വകാര്യ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി നേപ്പാളിലേക്ക് പോയതെന്നും അതിനിടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നും കോൺഗ്രസ് വ്യക്തമാക്കി. കാഠ്‌മണ്ഡുവിലെ ഒരു നിശാക്ലബ്ബിലെ ചടങ്ങില്‍ മുൻ കോൺഗ്രസ് അധ്യക്ഷൻ പങ്കെടുക്കുന്ന വീഡിയോ നിരവധി ബിജെപി നേതാക്കൾ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചിരുന്നു.
വിശദീകരണവുമായി കോൺഗ്രസ് : ലോർഡ് ഓഫ് റിങ്‌സ് എന്ന നിശാക്ലബ്ബിലെ ദൃശ്യങ്ങളാണ് ബിജെപി അനുകൂല പ്രൊഫൈലുകള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. പാർട്ടിക്കിടെ പലരും മദ്യം കഴിക്കുന്നത് വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ ഉൾപ്പെടുത്താനുള്ള പാർട്ടിയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. ഇതിലടക്കം കോണ്‍ഗ്രസ് വിമര്‍ശനം നേരിടുന്നതിനിടെയാണ് ബിജെപി രാഹുലിന്‍റെ ദൃശ്യങ്ങള്‍ വിവാദമാക്കിയതും.
ഒരു മാധ്യമപ്രവർത്തകൻ കൂടിയായ സുഹൃത്തിന്‍റെ വിവാഹച്ചടങ്ങിനായാണ് രാഹുൽ ഗാന്ധി അയൽരാജ്യമായ നേപ്പാളിലേക്ക് പോയത്. നിരവധി കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുചേരുന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയെന്നത് നമ്മുടെ സംസ്‌കാരത്തിന്‍റെയും നാഗരികതയുടെയും ഭാഗമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞു.
വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് ഒരു കുറ്റകൃത്യമല്ല. നാളെ ഒരുപക്ഷെ വിവാഹത്തിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും സുഹൃത്തുക്കളെ കണ്ടെത്തുന്നത് കുറ്റകരമാണെന്നും ബിജെപി അവകാശപ്പെട്ടേക്കാമെന്നും അദ്ദേഹം ആരോപിച്ചു.
തിങ്കളാഴ്‌ച (മെയ് 02) ഉച്ചയോടെയാണ് രാഹുൽ ഗാന്ധി നേപ്പാൾ തലസ്ഥാന നഗരിയിൽ എത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മ്യാൻമറിലെ മുൻ നേപ്പാൾ അംബാസഡർ ഭീം ഉദാസിന്‍റെ മകളും മുൻ സിഎൻഎൻ ലേഖികയുമായ സുമ്‌നിയുടെ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു രാഹുലെന്ന് നേപ്പാൾ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.