ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ നിന്ന് അയോഗ്യനാക്കിയതിന്‍റെ രണ്ടാംദിനം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും രൂക്ഷമായി കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ലെന്നും ഗാന്ധിയാണെന്നും ഓര്‍മിപ്പിച്ചായിരുന്നു വാർത്ത സമ്മേളനത്തില്‍ രാഹുലിന്‍റെ വിമര്‍ശനം. വിദേശത്ത് വച്ച് നടത്തിയ ആശയവിനിമയത്തിലൂടെ രാജ്യത്തെ അപകീർത്തിപ്പെടുത്തിയെന്നും ആഭ്യന്തര കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ തേടിയെന്നുമുള്ള ബിജെപിയുടെ വിമര്‍ശനത്തോട് എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഞാന്‍ സവര്‍ക്കറല്ല, ഗാന്ധിയാണ്: ലണ്ടനില്‍ വച്ച് നടത്തിയ പരാമര്‍ശത്തിനും അപകീര്‍ത്തികരമായ പ്രസ്‌താവനക്കെതിരെയുള്ള വിചാരണക്കിടെയും എന്തുകൊണ്ട് മാപ്പ് പറഞ്ഞില്ല എന്ന ബിജെപിയുടെ ചോദ്യത്തിനും രാഹുല്‍ പ്രതികരിച്ചു. എന്‍റെ പേര് സവര്‍ക്കര്‍ എന്നല്ല. ഞാന്‍ ഗാന്ധിയാണ്. ഞാന്‍ മാപ്പ് പറയില്ല എന്നായിരുന്നു രാഹുലിന്‍റെ മറുപടി. സത്യത്തിന് വേണ്ടി പോരാടുകയും രാജ്യത്തിന്‍റെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കുകയും ചെയ്യുക എന്ന ഒറ്റ ചുവട് മാത്രമാണ് തനിക്കുള്ളതെന്നും എന്ത് തടസങ്ങൾ വന്നാലും അത് താന്‍ തുടരുമെന്നും രാഹുല്‍ വ്യക്തമാക്കി.
അയോഗ്യതയില്‍ ഭയപ്പെടുന്നില്ലെന്നും അവർക്ക് തന്നെ നിശബ്‌ദനാക്കാനാകില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ആവര്‍ത്തിച്ചു. ചോദ്യങ്ങൾ ചോദിക്കുന്നത് തുടരുമെന്ന് പറഞ്ഞ രാഹുല്‍, അവരെ പാർലമെന്‍റില്‍ സംസാരിക്കാൻ അനുവദിക്കില്ലെന്നും പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. രാജ്യത്തിന് എതിരെ ഒന്നും സംസാരിച്ചിട്ടില്ലെന്നും ആരെയും ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മോദി- അദാനി ബന്ധം വീണ്ടും ആവര്‍ത്തിക്കാനും അദ്ദേഹം മറന്നില്ല.
Also Read:രാഹുലിന്‍റെ എം.പി സ്ഥാനം നഷ്ടപ്പെടുത്തിയതിനെതിരെ പോരാടാനുറച്ച് കോണ്‍ഗ്രസ്
അദാനി വിഷയത്തില്‍ തന്‍റെ അടുത്ത പ്രസംഗം ഭയന്നതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ നിന്നും തന്നെ അയോഗ്യനാക്കിയതെന്നും രാഹുല്‍ പറഞ്ഞു. ഈ വിഷയത്തിൽ സർക്കാർ അനുഭവിക്കുന്ന പരിഭ്രാന്തിയിൽ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കുന്നതിന്‍റെ ഭാഗമായുള്ളതാണ് ഇപ്പോള്‍ നടക്കുന്ന കളികളെന്നും രാഹുല്‍ കുറ്റപ്പെടുത്തി. വ്യവസായി ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ ചോദ്യങ്ങള്‍ തുടരുമെന്നും അദാനിയുടെ ഷെല്‍ കമ്പനികളിലേക്ക് 20000 കോടി രൂപ നിക്ഷേപിച്ചത് ആരാണെന്ന ചോദ്യം അവശേഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ക്രിമിനൽ മാനനഷ്‌ടക്കേസിൽ സൂറത്തിലെ കോടതി വ്യാഴാഴ്ചയാണ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. തുടർന്ന് പിറ്റേദിവസം ലോക്‌സഭ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ പാര്‍ലമെന്‍റില്‍ നിന്ന് അയോഗ്യനാക്കുകയായിരുന്നു. ഇതിന് പിന്നാലെ ഒരു വാര്‍ത്താസമ്മേളനം നടത്തുന്നതിനായി സഹോദരി പ്രിയങ്ക ഗാന്ധി വാദ്രയുമായി രാഹുല്‍ ചര്‍ച്ചയും നടത്തിയിരുന്നു. അതേസമയം രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിപക്ഷനിര ഒന്നടങ്കം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
പ്രതിപക്ഷ നേതാക്കളായ സീതാറാം യെച്ചൂരി, മമത ബാനർജി, കെ.ചന്ദ്രശേഖർ റാവു, പിണറായി വിജയന്‍, എം.കെ സ്‌റ്റാലിൻ, ഹേമന്ദ് സോറൻ, അരവിന്ദ് കെജിവാൾ, ശരദ് യാദവ്, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ് എന്നിവരും ബിജെപിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ബിജെപിയ്‌ക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ ആഞ്ഞടിച്ച പ്രതിപക്ഷം ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കറുത്ത ദിനമാണെന്നും വിശേഷിപ്പിച്ചിരുന്നു. രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ കോൺഗ്രസ് പാർട്ടി രാജ്യത്തുടനീളം പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.