ന്യൂഡൽഹി: വിവിധ ആഗോള വിതരണക്കാരിൽ നിന്ന് 300 ടൺ മെഡിക്കൽ ഉത്പന്നങ്ങൾ സൗജന്യമായി ഇന്ത്യയിൽ എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. കൊവിഡ് രണ്ടാം തരംഗം പ്രതിസന്ധിയിലാക്കിയ രാജ്യത്തെ നിരവധി ആശുപത്രികളാണ് മെഡിക്കൽ ഓക്സിജന്‍റെയും കിടക്കകളുടെയും അഭാവത്തിൽ ബുദ്ധിമുട്ടുന്നത്.
പിപിഇ ഉപകരണങ്ങൾ, ഓക്സിജൻ കാനിസ്റ്ററുകൾ, മറ്റ് അത്യാവശ്യ മെഡിക്കൽ ഉത്പന്നങ്ങൾ എന്നിവയാണ് സൗജന്യമായി ഇറക്കുമതി ചെയ്യുന്നത്. കൂടാതെ ലോകമെമ്പാടുമുള്ള വ്യക്തികളും കമ്പനികളും നൽകുന്ന സംഭാവനകളും ഇതിൽ ഉൾപ്പെടും.
രാജ്യത്ത് കഴിഞ്ഞ ദിവസം 3,79,257 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 1,83,76,524 ആയി ഉയർന്നു.അതേസമയം ചികിത്സയിലുള്ളവരുടെ എണ്ണം 30 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.3,645 പേർകൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2,04,832 ആയി ഉയർന്നു.