ചണ്ഡിഗഡ് : ഒടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം പഞ്ചാബില്‍ 63.4 ശതമാനം പോളിങ്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണിയോടെ അവസാനിച്ചു. വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്താന്‍ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.
സംസ്ഥാന പൊലീസ് സേനയെ കൂടാതെ കേന്ദ്ര സായുധ സേനയുടെ 700 കമ്പനികളെയും പഞ്ചാബിൽ വിന്യസിച്ചിരുന്നു. 93 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡർമാരുമടക്കം 1,304 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത്. 93 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡർമാരുമടക്കം 1,304 സ്ഥാനാർഥികളാണ് പഞ്ചാബിൽ നിന്നും ജനവിധി തേടുന്നത്.
1,02,00,996 സ്ത്രീകൾ ഉൾപ്പടെ 2,14,99,804 പേർക്കാണ് സംസ്ഥാനത്ത് വോട്ടവകാശമുള്ളത്. സംസ്ഥാനത്തെ 24,740 പോളിങ് സ്‌റ്റേഷനുകളിൽ 2,013 എണ്ണം സുരക്ഷ പ്രശ്‌നങ്ങളുള്ളതും 2,952 എണ്ണം അതീവ സുരക്ഷ പ്രശ്‌നങ്ങൾ ഉള്ളതുമാണെന്നും പഞ്ചാബ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ എസ്. കരുണ രാജു പറഞ്ഞു.
കോൺഗ്രസ്, എഎപി, എസ്എഡി-ബിഎസ്‌പി, ബിജെപി-പിഎൽസി-എസ്എഡി (സൻയുക്ത്), വിവിധ കർഷക സംഘടനകളുടെ രാഷ്ട്രീയ മുന്നണിയായ സംയുക്ത് സമാജ് മോർച്ച (എസ്എസ്എം) എന്നിവ തമ്മിൽ ബഹുകോണ മത്സരത്തിനാണ് പഞ്ചാബ് സാക്ഷ്യം വഹിക്കുന്നത്.
ബിഎസ്‌പിയുമായി സഖ്യം ചേർന്നാണ് ശിരോമണി അകാലിദൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അമരീന്ദർ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള പഞ്ചാബ് ലോക് കോൺഗ്രസ്, സുഖ്‌ദേവ് സിങ് ദിൻഡ്‌സയുടെ നേതൃത്വത്തിലുള്ള എസ്എഡി (സൻയുക്ത്) എന്നിവരുമായി സഖ്യം ചേർന്നാണ് ബിജെപി മത്സരിക്കുന്നത്.
Also Read: 'ഡിഎംകെയ്ക്ക് വോട്ട് ചെയ്യൂ'; പ്രചാരണവുമായി റൊമാനിയന്‍ പൗരന്‍, ദൃശ്യങ്ങള്‍ വൈറല്‍
അമൃത്‌സറില്‍ നിന്നുള്ള സയാമീസ് ഇരട്ടകളായ സോഹൻ സിങ്ങും മോഹൻ സിങ്ങും വെവ്വേറെ വോട്ട് രേഖപ്പെടുത്തി. അടുത്തിടെ ഇരുവർക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ രണ്ട് വ്യത്യസ്‌ത തിരിച്ചറിയൽ കാർഡുകൾ കൈമാറിയിരുന്നു. കഴിഞ്ഞ വർഷം 18 വയസ് തികഞ്ഞ ഇരുവരും ആദ്യമായാണ് വോട്ട് ചെയ്‌തത്.
വോട്ടവകാശം വിനിയോഗിക്കാൻ കഴിഞ്ഞതിൽ സന്തുഷ്‌ടരാണെന്ന് ഇരുവരും പറഞ്ഞു. ഇരുവരെയും വ്യത്യസ്‌ത വോട്ടർമാരായി കണക്കാക്കുകയും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതില്‍ ഇരുവരുടെയും സ്വകാര്യത സംരക്ഷിക്കുകയും ചെയ്യാന്‍ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് പൂർണമായും സ്ത്രീകൾ നിയന്ത്രിക്കുന്ന പിങ്ക് പോളിങ് ബൂത്തുകളും സജ്ജമാക്കിയിരുന്നു. 196 പിങ്ക് പോളിങ് ബൂത്തുകളാണ് സ്ത്രീകൾക്ക് വോട്ട് ചെയ്യാനായി ഒരുക്കിയിട്ടുള്ളത്. ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്ന 70 പോളിങ് ബൂത്തുകളും സംസ്ഥാനത്തുണ്ട്.