ചണ്ഡീഗഢ്: പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുഹൃത്തിനെ കൊലപ്പെടുത്തി, മരിച്ചത് താന്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച വ്യവസായിയും കൂട്ടാളികളും പിടിയില്‍. സംഭവത്തില്‍ വ്യവസായി ഗുര്‍പ്രീത് സിങ്, ഭാര്യ ഖുശ്‌ദീപ് കൗര്‍ ഉള്‍പ്പടെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ബിസിനസ് തകര്‍ന്ന പ്രതി ഇന്‍ഷുറന്‍സ് തുകയായ നാല് കോടി ലഭിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘം അറിയിച്ചു.
സുഖ്‌വീന്ദർ സിങ് സംഘ, ജസ്‌പാൽ സിങ്, ദിനേഷ് കുമാർ, രാജേഷ് കുമാർ എന്നിവരാണ് പിടിയിലായ മറ്റ് പ്രതികള്‍. വ്യവസായി ഗുര്‍പ്രീതിന്‍റെ സുഹൃത്ത് സുഖ്‌ജീത് സിങ്ങിനെയാണ് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി പ്രതികള്‍ കൊലപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ജൂണ്‍ 19 മുതല്‍ സുഖ്‌ജീത് സിങ്ങിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇയാളുടെ ഭാര്യ ജീവന്‍ദീപ് കൗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ആദ്യ ഘട്ട അന്വേഷണത്തില്‍ പട്യാല റോഡിലെ ഒരു കനാലിന്‍റെ സമീപത്ത് നിന്നും സുഖ്‌ജീത്തിന്‍റെ ചെരുപ്പും ഇരുചക്രവാഹനവും പൊലീസ് കണ്ടെത്തിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ അദ്ദേഹം ആത്മഹത്യ ചെയ്‌തുവെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സുഖ്‌ജീതിന് വ്യവസായി ആയ ഗുര്‍പ്രീത് സിങ് പതിവായി മദ്യം വാങ്ങി നല്‍കാറുണ്ടായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചു. സുഖ്‌ജീതിന്‍റെ ഭാര്യയാണ് ഇക്കാര്യം അന്വേഷണസംഘത്തെ അറിയിച്ചത്.
Also Read : 'മകനെ കൊന്നവരെ കൊല്ലാൻ, ഈ അമ്മ കാത്തിരുന്നത് വർഷങ്ങൾ': ഞെട്ടിക്കുന്ന സംഭവം ആന്ധ്രാപ്രദേശില്‍
ഇതേ കുറിച്ച് അന്വേഷിക്കുന്നതിന് വേണ്ടി പൊലീസ് ഗുര്‍പ്രീതിന്‍റെ വീട്ടിലെത്തി. ഒരാഴ്‌ച മുന്‍പ് നടന്ന ഒരു വാഹനാപകടത്തില്‍ ഗുര്‍പ്രീത് സിങ് മരിച്ചുപോയി എന്നായിരുന്നു ഈ സമയം കുടുംബം അന്വേഷണ സംഘത്തെ അറിയിച്ചത്. ഗുര്‍പ്രീതിന്‍റെ കുടുംബത്തിന്‍റെ മൊഴി പൊലീസിനെ സംശയത്തിലാക്കി. തുടര്‍ന്ന് ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചതും പ്രതികളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചതും.
കൊലപാതകത്തിന്‍റെ ആസൂത്രണം: ബിസിനസില്‍ നഷ്‌ടം സംഭവിച്ചതിന് പിന്നാലെ ആയിരുന്നു ഗുര്‍പ്രീത് സിങ് സുഖ്‌ജീത് സിങ്ങിനെ കൊലപ്പെടുത്താന്‍ പദ്ധതി ആവിഷ്‌കരിച്ചത്. മദ്യപാനത്തിന് അവസരം ഒരുക്കി നല്‍കിയായിരുന്നു ഗുര്‍പ്രീത് സുഖ്‌ജീതുമായി സൗഹൃദം സ്ഥാപിച്ചത്. കൃത്യം നടന്ന ജൂണ്‍ 19നും പ്രതികള്‍ സുഖ്‌ജീത് സിങ്ങിന് മദ്യം നല്‍കിയിരുന്നു.
തുടര്‍ന്ന്, മോര്‍ഫിന്‍ മരുന്ന് ഉള്‍പ്പടെ നല്‍കിയതോടെ സുഖ്‌ജീത് സിങ് അബോധാവസ്ഥയിലായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു കൊലപാതകം. കൊലപാതകത്തില്‍ സംശയം തോന്നാതിരിക്കാന്‍ ഗുര്‍പ്രീതിന്‍റെ വസ്‌ത്രങ്ങളും സുഖ്‌ജീത്തിനെ ധരിപ്പിച്ചു. തുടര്‍ന്ന് ട്രക്ക് കയറ്റിയാണ് പ്രതികള്‍ കൃത്യം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പദ്ധതി പ്രകാരം, ട്രക്ക് കയറി ഇറങ്ങിയ മൃതദേഹം ഗുര്‍പ്രീത് സിങ്ങിന്‍റേതാണെന്ന് ഭാര്യ ഖുശ്‌ദീപ് കൗര്‍ സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നെന്ന് അന്വേഷണസംഘം കൂട്ടിച്ചേര്‍ത്തു.
Also Read : സംശയ രോഗം; ഉറങ്ങിക്കിടന്ന ഭാര്യയുടെ ശരീരത്തിൽ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ