മുംബൈ : ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി സംഘടിപ്പിച്ച കേസിലെ ദൃക്‌സാക്ഷി കെ.പി ഗോസാവിക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പൊലീസ്. മറ്റൊരു കേസിലാണ് ഇയാള്‍ക്കായുള്ള അന്വേഷണം സജീവമാക്കിയത്.
മലേഷ്യയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് 3.09 ലക്ഷം രൂപ തട്ടിയെന്ന ചിൻന്മയ് ദേശ്‌മുഖിന്‍റെ പരാതിയിലാണ് കേസ്. ഗോസാവിയുടെ സഹായി ശെർബാനോ ഖുറേഷിയെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. രണ്ട് സംഘങ്ങളാണ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തുന്നത്.
READ MORE: ആര്യന്‍ കേസില്‍ സമീര്‍ വാങ്കഡെ 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണം : അന്വേഷണമാരംഭിച്ച് എൻസിബി
ഗോസാവിക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഖുറേഷിയുടെ അക്കൗണ്ടിലേക്കാണ് പരാതിക്കാരൻ പണം അയച്ചത്. അതേസമയം ഇയാള്‍ കീഴടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് പ്രിയങ്ക നർനവാരെ തള്ളി. ഇതുവരെ ഇത്തരത്തിൽ ആരും സമീപിച്ചിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി.
അന്വേഷണം ഊർജിതമാക്കാൻ നിർദേശം നൽകിയെന്നും കോടതിയിലും പൊലീസ് സ്റ്റേഷൻ പരിധികളിലും തിരച്ചിലിനായുള്ള സംഘങ്ങള്‍ തയ്യാറാണെന്നും നര്‍നവാരെ പറഞ്ഞു. എൻസിബിയുടെ പിടിയിലായ ആര്യൻ ഖാനോടൊപ്പമുള്ള ഗോസാവിയുടെ ഫോട്ടോ നേരത്തേ പുറത്തുവന്നിരുന്നു.