ശ്രീനഗർ: ജെയ്ഷെ മുഹമ്മദിന്‍റെ കമാൻഡർ കൊല്ലപ്പെട്ടതോടെ പുൽവാമ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷ സേന മികച്ച വിജയം കൈവരിച്ചതായി ഇന്ത്യൻ ആർമി ലെഫ്റ്റനന്‍റ് ജനറൽ ദേവിന്ദർ പ്രതാപ് പാണ്ഡെ പറഞ്ഞു. കൊല്ലപ്പെട്ട ലംബോ വർഷങ്ങളായി തെക്കൻ കശ്മീരിൽ സജീവമായിരുന്നുവെന്നും കൂട്ടാളിയുമായി പുൽവാമയിൽ ഒളിച്ചുതാമസിക്കുകയായിരുന്നുവെന്നും ദേവിന്ദർ പ്രതാപ് പറഞ്ഞു.
ജമ്മു കശ്മീർ പൊലീസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജൂലൈ 27നാണ് സുരക്ഷ സേന ഓപ്പറേഷൻ ആരംഭിച്ചത്. ശനിയാഴ്ച രാവിലെ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടാകുകയും തുടർന്ന് നടന്ന വെടിവയ്പ്പിൽ പുൽവാമ ആക്രമണത്തിന്‍റെ സൂത്രധാരനായ ലംബോയെയും കൂട്ടാളിയെയും വധിക്കുകയായിരുന്നുവെന്നും ദേവിന്ദർ പ്രതാപ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ലംബോ ഫിദായിൻ ആക്രമണത്തിന്‍റെ സൂത്രധാരൻ
നിരവധി ആക്രമണങ്ങളിൽ ലംബോ പങ്കാളി ആയിരുന്നുവെന്നും യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ആയുധങ്ങളും പരിശീലനവും നൽകിയിരുന്നുവെന്നും പാണ്ഡെ പറഞ്ഞു. 2017 ൽ താഴ്‌വരയിൽ നുഴഞ്ഞുകയറിയ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്‍റെ ബന്ധുവായ ലാംബോയ്ക്കെതിരെ 14 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഫിദായിൻ ആക്രമണത്തിന്‍റെ സൂത്രധാരന്മാരിൽ ഒരാളായിരുന്നു ലംബോ എന്നും പാണ്ഡെ കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു
ആക്രമണത്തിൽ 19 തീവ്രവാദികൾ ഉണ്ടായിരുന്നത്. അതിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഏഴ് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർ ഒളിവിലാണെന്നും അദ്ദേഹം പറഞ്ഞു. ട്രാളിലെ പൊലീസുകാരനായ ഫയാസ് അഹമ്മദിന്‍റെയും ഭാര്യയുടെയും മകളുടെയും മരണത്തിനും ലാംബോ ഉത്തരവാദിയാണെന്ന് പത്രസമ്മേളനത്തിനിടെ കശ്മീർ സോൺ ഐജി വിജയ് കുമാർ പറഞ്ഞു. കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്ന് എം -4 കാർബൈൻ റൈഫിൾ, ഗ്ലോക്ക് പിസ്റ്റൾ, എകെ -47 തോക്ക് എന്നിവ കണ്ടെടുത്തുവെന്ന് വിക്ടർ ഫോഴ്സിലെ ജനറൽ ഓഫിസർ ഇൻ കമാൻഡ് റാഷിം ബാലി അറിയിച്ചു.