പുതുച്ചേരി: തുടര്‍ച്ചയായി നാലാമത്തെ എംഎല്‍എയും രാജി വച്ചതോടെ പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി. സർക്കാരിനോടുള്ള അതൃപ്തി ചൂണ്ടിക്കാട്ടി കാമരാജ് നഗർ നിയോജകമണ്ഡലം എംഎൽഎ ജോൺ കുമാറാണ് അവസാനം രാജി സമർപ്പിച്ചത്. പാർട്ടിയിൽ നിന്ന് രാജിവച്ച നാലാമത്തെ കോൺഗ്രസ് എംഎൽഎയാണ് ജോൺ. അദ്ദേഹം തന്‍റെ രാജി കത്ത് സ്‌പീക്കർക്ക് നേരിട്ട് സമർപ്പിച്ചു.
അതേ സമയം കിരണ്‍ ബേദിയെ പുതുച്ചേരി ലഫ്. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച നിര്‍ദേശം രാഷ്ട്രപതി രാംനാഥ് കോവിന്ദ് നല്‍കിയതായാണ് വിവരം.
ആരോഗ്യമന്ത്രി മല്ലടി കൃഷ്ണ റാവു, മുൻ മന്ത്രി നാമച്ചിവയം, എംഎൽഎ തീപൈന്തൻ എന്നിവരും ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. എംഎൽഎമാരുടെ ആവർത്തിച്ചുള്ള രാജി പുതുച്ചേരിയിലെ രാഷ്ട്രീയരംഗത്ത് കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
29 അംഗങ്ങളുള്ള നിയമസഭയിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള സഖ്യത്തിന് പതിനാലും (കോൺഗ്രസ് 10, ഡിഎംകെ മൂന്ന്, സ്വതന്ത്ര ഒന്ന്), പ്രതിപക്ഷത്തിന് പതിനാലും അംഗങ്ങളുണ്ട്. നിലവിൽ ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും തുല്യ അംഗങ്ങളാണ് നിയമസഭയിലുള്ളത്. മുഖ്യമന്ത്രി വി നാരായണസാമിയുടെ മന്ത്രിസഭയിൽ നിന്ന് നേരത്തെ രാജിവച്ച ആരോഗ്യമന്ത്രി മല്ലടി കൃഷ്ണറാവു ഇന്നലെ പ്രാദേശിക നിയമസഭാംഗത്വവും രാജിവച്ചിരുന്നു.