ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവി തെരഞ്ഞെടുപ്പിന്‍റെ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് മുതിർന്ന നേതാവ് ശശി തരൂർ. ഇതുസംബന്ധിച്ച് പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്‌ത്രിക്ക്, തരൂര്‍ കത്തയച്ചു. അസം എംപി പ്രദ്യുത് ബോർഡോലൊയിയും സമാന ആവശ്യം ഉന്നയിച്ച് കത്തയച്ചതായി കോണ്‍ഗ്രസ് അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു.
'സൂചന' നല്‍കി തരൂരിന്‍റെ ലേഖനം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിക്കുന്നതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോർട്ട് ചെയ്‌തിരുന്നു. തരൂര്‍ മാതൃഭൂമി ദിനപത്രത്തിലെഴുതിയ ലേഖനം അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്‍റെ സ്ഥാനാർഥിത്വം സംബന്ധിച്ച സൂചനകൾ പിടിഐ മുന്നോട്ടുവച്ചിരുന്നത്. ഇതിനിടെയിലാണ് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്നത് സംബന്ധിച്ച് ശശി തരൂര്‍, മിസ്‌ത്രിക്ക് കത്തയച്ചത്. അശോക് ഗെഹ്‌ലോട്ടിനെ പ്രസിഡന്‍റായി നിർദേശിച്ചാല്‍ മറ്റൊരാളെ എതിർ സ്ഥാനാർഥിയാക്കാൻ കോൺഗ്രസിലെ ജി 23 നേതാക്കൾ ആലോചിക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു.
മനീഷിന് പിന്തുണയുമായി 'എംപിമാര്‍': നാമനിര്‍ദേശ പ്രക്രിയയിൽ കോൺഗ്രസ് സംസ്ഥാന ഘടകത്തിലെ (Pradesh Congress Committee) 10 നിര്‍ദേശകരാണുണ്ടാവുക. അന്തിമ പട്ടികയിൽ പേരുകൾ ഇല്ലെങ്കിൽ പത്രികകൾ നിരസിക്കപ്പെടും എന്നതിനാൽ ഈ പ്രതിനിധികളെ കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയരുന്നത്. പാർട്ടിയിലെ 9,000 ത്തോളം വരുന്ന ഇലക്‌ടറൽ കോളജ് രൂപവത്‌കരിക്കുന്ന പിസിസി പ്രതിനിധികളുടെ പട്ടിക നൽകണമെന്നാണ് മുതിര്‍ന്ന നേതാവ് മനീഷ് തിവാരിയുടെ ആവശ്യം. ഇതിനെ, എംപിമാരായ ശശി തരൂരും കാർത്തി ചിദംബരവും പിന്തുണയ്‌ക്കുകയായിരുന്നു.
ALSO READ| അധ്യക്ഷ പദവി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ; രാഹുലിന് വീണ്ടും സമ്മര്‍ദം
കോണ്‍ഗ്രസിലെ വിമത ശബ്‌ദമായ ജി 23 നേതാക്കളിൽ ഒരാളായ മനീഷ് തിവാരി, വോട്ടർപട്ടിക അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന ആവശ്യമാണ് ഉയര്‍ത്തിയത്. ഇതിനെ അനുകൂലിച്ച് തരൂര്‍ രംഗത്തെത്തിയിരുന്നു. "തീർച്ചയായും, വോട്ടർ പട്ടികയിൽ സുതാര്യത ഉണ്ടാവേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. അതാണ് മനീഷ് ആവശ്യപ്പെട്ടതെങ്കിൽ, എല്ലാവരും അംഗീകരിക്കുന്ന ഒരു തത്വമാണിത്. ആർക്കൊക്കെ നോമിനേറ്റ് ചെയ്യാം, ആർക്കൊക്കെ വോട്ട് ചെയ്യാം എന്ന് എല്ലാവരും അറിഞ്ഞിരിക്കണം. അക്കാര്യത്തില്‍ ഒരു തെറ്റുമില്ല"- തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ശശി തരൂര്‍ പ്രതികരിച്ചു.
ന്യായീകരണവുമായി മിസ്‌ത്രി: ഓരോ തെരഞ്ഞെടുപ്പിനും നന്നായി നിർവചിക്കപ്പെട്ട ഇലക്‌ടറൽ കോളജ് ആവശ്യമാണെന്ന് വിഷയത്തില്‍ സമാനമായ അഭിപ്രായം പങ്കിട്ട കാർത്തി ചിദംബരം പറഞ്ഞു. അതേസമയം, ഈ പ്രസ്‌താവനങ്ങള്‍ക്ക് മറുപടിയെന്നോണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാനുമായ മധുസൂദന്‍ മിസ്‌ത്രി രംഗത്തെത്തി.
''തെരഞ്ഞെടുപ്പ് സുതാര്യതയുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രക്രിയയും സ്വതന്ത്രവും നീതിയുക്തവുമാണെ്. പാർട്ടിയുടെ ഭരണഘടന അനുസരിച്ച് വോട്ടർപട്ടിക പരസ്യപ്പെടുത്താനാകില്ല. എന്നാൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആളുകള്‍ക്ക് അത് നൽകുന്നതാണ്''- മിസ്‌ത്രി വ്യക്തമാക്കി.
പാര്‍ട്ടിയിലെ പുതിയ 'മുറുമുറുപ്പ്': അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണം എന്ന ആവശ്യം ദിനംപ്രതി ശക്തിപ്പെടുന്നതിനിടെ, ജി 23 ഗ്രൂപ്പിൽ അംഗങ്ങളല്ലാത്ത കാർത്തിയും ബോർഡോലൊയിയും സമാന ആവശ്യമുയര്‍ത്തിയത് പാര്‍ട്ടിക്കുള്ളില്‍ 'മുറുമുറുപ്പ്' സൃഷ്‌ടിച്ചിട്ടുണ്ട്.
ALSO READ| കോണ്‍ഗ്രസ് അധ്യക്ഷ പദവി തെരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം, സോണിയ തുടരുമോ, അതോ രാഹുല്‍ തിരിച്ചെത്തുമോ ?
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 17 നാണ് നടക്കുക. ഓഗസ്റ്റ് 28 ന് നടന്ന കോൺഗ്രസ് പ്രവര്‍ത്തക സമിതിയുടേതാണ് ഈ തീരുമാനമെന്ന് പാര്‍ട്ടിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഒന്നില്‍ കൂടുതല്‍ സ്ഥാനാര്‍ഥികളുടെ പേരുകള്‍ വന്ന് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഒക്‌ടോബര്‍ 19 ന് വോട്ടെണ്ണല്‍ നടത്തുമെന്നും നേരത്തേ അറിയിച്ചിരുന്നു.
പ്രഖ്യാപനം ഗുലാമിന്‍റെ രാജിക്കുപിന്നാലെ: കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് തുടങ്ങിയവര്‍ വെര്‍ച്വലായി നടന്ന യോഗത്തിൽ പങ്കെടുത്തു. പാർട്ടിയുടെ തകർച്ചയ്‌ക്ക് കാരണം മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധിയെന്ന് കുറ്റപ്പെടുത്തി മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്‍റെ രാജിക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം.