കവരത്തി : ലക്ഷദ്വീപിൽ ഇന്ന് രാത്രി മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധനാജ്ഞ. ദ്വീപിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നാളെ പ്രതിഷേധ ദിനം പ്രഖ്യാപിച്ചിരുന്നു. പരിപാടിക്കിടെ പ്രശ്‌നങ്ങൾ ഉണ്ടാകാനും കലാപം ഉണ്ടാകാനും ഇടയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ഭരണകൂടം പുതിയ ഉത്തരവിറക്കിയത്.
സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം നടത്തുന്ന തരത്തിൽ പോസ്റ്റിട്ട സമരാനുകൂലിയായ ഒരു പഞ്ചായത്ത് അംഗത്തെ ലക്ഷദ്വീപ് പൊലീസ് അറസ്റ്റ് ചെയ്‌തെന്നും ഉത്തരവിൽ പറയുന്നു. അതേസമയം പ്രതിഷേധങ്ങൾക്ക് തടയിടാനാണ് ഈ നടപടിയെന്ന വിമർശനവുമായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ രംഗത്തെത്തി. ജനങ്ങൾ അവരുടെ പ്രതിഷേധം അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ALSO READ: രാഷ്ട്രീയ ജനത ദളില്‍ ലയിച്ച് ശരദ് യാദവിന്‍റെ ലോക് താന്ത്രിക് ജനത ദള്‍
ഭരണകൂടം ജനജീവിതത്തെ ബാധിക്കുന്ന നടപടികൾ കൊണ്ടുവന്നതിൽ പ്രതിഷേധിച്ച് ദിവസങ്ങളായി ലക്ഷദ്വീപിൽ പ്രതിഷേധ പരിപാടികൾ നടന്നുവരികയായിരുന്നു. ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ ദ്വീപിൽ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ആരാധനാലയങ്ങളിൽ പോകുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതിനെതിരെ പ്രതിഷേധം കടുക്കുമ്പോഴാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.