ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്ക് പുറകെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ മഹിള മാർച്ച് പ്രഖ്യാപനം. പ്രിയങ്ക ഗാന്ധി വദ്രയുടെ നേതൃത്വത്തിൽ സ്‌ത്രീകളെ ഉൾക്കൊളളിച്ച് നടത്തുന്ന മഹിള മാർച്ച് 2023 ജനുവരിയിൽ ആരംഭിക്കും. രണ്ട് മാസം നീണ്ടുനിൽക്കുന്ന മാർച്ച്, ജനുവരി 26 മുതൽ മാർച്ച് 26 വരെ രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും നടക്കുമെന്ന് കോൺഗ്രസ് എം പി കെ.സി വേണുഗോപാൽ ഞായറാഴ്‌ച പ്രഖ്യാപിച്ചു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപന ദിവസം തന്നെ പ്രിയങ്ക ഗാന്ധിയുടെ യാത്ര ആരംഭിക്കുന്നതാണ് യാത്രയെ ശ്രദ്ധേയമാക്കുന്നത്. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയ്‌ക്ക് രാജ്യത്തുടനീളം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നേതാക്കളുൾപ്പടെ നിരവധി കോൺഗ്രസ് പ്രവർത്തകർ യാത്രയുടെ ഭാഗമായി.
കേരളം. കർണാടക, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കിയ ഭാരത് ജോഡോ യാത്ര നിലവിൽ രാജസ്ഥാനിൽ പ്രവേശിച്ചു. ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾ എണ്ണിപ്പറഞ്ഞാണ് സഹോദരങ്ങളുടെ ഈ പോരാട്ടം.