ലക്‌നൗ : ഉത്തര്‍പ്രദേശില്‍ തടങ്കലില്‍ കഴിയുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റ് രേഖപ്പെടുത്തി സിതാപൂര്‍ പൊലീസ്. സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെയുള്ള കുറ്റം ആരോപിച്ചാണ് നടപടി. ജില്ല മജിസ്‌ട്രേറ്റിന് മുന്നില്‍ പ്രിയങ്കയെ ഉടന്‍ ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രിയങ്ക ഗാന്ധിയുള്‍പ്പടെ 11 പേര്‍ക്കെതിരെ യുപി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. നിരോധനാജ്ഞ നിലനില്‍ക്കുന്ന, ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിച്ചതിനാണ് കേസ്. പ്രിയങ്ക അറസ്റ്റിലാണെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.
Read more: ലഖിംപൂർ ഖേരിയിൽ എത്തിയ പ്രിയങ്ക അറസ്റ്റിലെന്ന് കോൺഗ്രസ്
കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതിനായി ലഖിംപുര്‍ ഖേരിയിലേയ്ക്ക് പോവുകയായിരുന്ന പ്രിയങ്കയെ യാത്രാമധ്യേയാണ് യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്.
അക്രമം നടത്തിയവര്‍ സ്വതന്ത്രമായി വിഹരിയ്ക്കുമ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് തന്നെ തടങ്കലില്‍ വച്ചിരിക്കുന്നതെന്ന് പ്രിയങ്ക നേരത്തേ ആരോപിച്ചിരുന്നു. സിതാപൂരിലെ പിഎസി ഗസ്റ്റ് ഹൗസിലാണ് നിലവില്‍ പ്രിയങ്കയുള്ളത്.