മുംബൈ: ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ബിറ്റ്‌കോയിന്‍ അടക്കമുള്ള സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളെ നിരോധിച്ചില്ലെങ്കില്‍ ലോകത്തിലെ അടുത്ത സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുന്നത് അവയില്‍ നിന്നായിരിക്കുമെന്ന് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രം സംഘടിപ്പിച്ച ചടങ്ങില്‍ ശക്തികാന്ത ദാസ് പറഞ്ഞു. ധനകാര്യ സുരക്ഷിതത്വത്തിന് വലിയ ഭീഷണിയാണ് ക്രിപ്റ്റോ കറന്‍സികള്‍ സൃഷ്‌ടിക്കുന്നത്.
സ്വകാര്യ ക്രിപ്റ്റോകറന്‍സികളുടെ മൂല്യം 190 ബില്യണ്‍ അമേരിക്കന്‍ ഡോളറില്‍ നിന്ന് 140 ബില്യണ്‍ അമേരിക്കന്‍ ഡോളറായി ചുരുങ്ങി. ക്രിപ്റ്റോകറന്‍സികളുടെ മൂല്യം പൂര്‍ണമായും ഊഹക്കച്ചവടത്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്. അന്തര്‍ലീനമായ മൂല്യത്തിന്‍റെ(underlying value) അടിസ്ഥാനത്തിലല്ല ക്രിപ്റ്റോകറന്‍സികള്‍ക്ക് വിപണിയില്‍ വില നിശ്ചയിക്കപ്പെടുന്നത്. പല രാജ്യങ്ങളും പല നയങ്ങളാണ് ക്രിപ്റ്റോകറന്‍സികളുടെ കാര്യത്തില്‍ എടുക്കുന്നത്.
ക്രിപ്റ്റോകറന്‍സികളെ നിരോധിക്കണമെന്ന നിലപാടില്‍ ആര്‍ബിഐ ഉറച്ച് നില്‍ക്കുകയാണ്. ക്രിപ്റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ എഫ്‌ടിഎക്‌സ് തകര്‍ന്നതടക്കമുള്ള കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായ സംഭവവികാസങ്ങള്‍ ക്രിപ്റ്റോകറന്‍സികള്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് വെളിപ്പെടുത്തുന്നത്.
സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളുടെ ഉല്‍ഭവത്തിന്‍റെ ലക്ഷ്യം തന്നെ കേന്ദ്ര ബാങ്കുകള്‍ നിയന്ത്രിക്കുന്ന ധനകാര്യ സംവിധാനത്തെ തകര്‍ക്കുക എന്നുള്ളതാണ്. കേന്ദ്രബാങ്കുകള്‍ ഇറക്കുന്ന കറന്‍സികളിലും റെഗുലേറ്റ് ചെയ്യപ്പെടുന്ന ധനകാര്യ സംവിധാനത്തിലുമുള്ള വിശ്വാസമില്ലായ്‌മയാണ് സ്വകാര്യ ക്രിപ്റ്റോ കറന്‍സി എന്ന ആശയത്തിന് പിന്നിലെന്നും ശക്തികാന്ത ദാസ് പറഞ്ഞു.