ബൊക്കാറോ (ജാര്‍ഖണ്ഡ്): മിഷണറി സ്‌കൂളില്‍ 'ജയ് ശ്രീറാം' വിളിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്‌ത പ്രിന്‍സിപ്പലിന്‍റെ നടപടിയില്‍ വിവാദം കനക്കുന്നു. ജാര്‍ഖണ്ഡിലെ ഗോമിയ ബ്ലോക്കിലുള്ള മിഷണറി സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥി ജയ് ശ്രീറാം വിളിച്ചതോടെ പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
വിഷയം സ്‌കൂളിന് പുറത്ത് അറിഞ്ഞതോടെയാണ് വിവാദമായത്. സംഭവത്തില്‍ അന്വേഷണം നടത്തി സ്‌കൂള്‍ മാനേജ്‌മെന്‍റിന് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് അംഗം വിനയ് കുമാർ ബൊക്കാറോ ജില്ല വിദ്യാഭ്യാസ ഓഫിസർക്ക് കത്തെഴുതി. ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം.
സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളില്‍ ഒരാള്‍ ക്ലാസില്‍ വച്ച് ജയ് ശ്രീറാം എന്ന് വിളിച്ചു. തുടര്‍ന്ന് ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ക്ലാസില്‍ നിന്ന് പുറത്താക്കുകയും രണ്ട് ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തു. അതേസമയം സംഭവത്തില്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
വിഷയവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്‍റ് പ്രതികരിച്ചില്ലെങ്കിലും മുഴുവന്‍ വിദ്യാര്‍ഥികളെയും സസ്‌പെന്‍ഡ് ചെയ്‌തു എന്ന ആരോപണം മാനേജ്‌മെന്‍റ് നിഷേധിച്ചു. സ്‌കൂളില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് വാട്‌സ്‌ആപ്പ് വഴി തനിക്ക് കത്ത് ലഭിച്ചു എന്നും വിഷയം അന്വേഷിക്കുമെന്നും ബൊക്കാറോ ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ജഗന്നാഥ് ലോഹ്‌റ വ്യക്തമാക്കി. ബന്ധപ്പെട്ട വിഷയത്തില്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ തനിക്ക് പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പലിന്‍റെ നടപടിയെയും സ്‌കൂൾ മാനേജ്‌മെന്‍റിനെയും ചോദ്യം ചെയ്‌ത് നിരവധി പേർ രംഗത്ത് എത്തിയതോടെയാണ് സംഭവം കൂടുതല്‍ വിവാദം ആയത്. മതപരമായ മുദ്രാവാക്യം വിളിച്ചതിന് ഒരു ക്ലാസിനെ മുഴുവൻ സസ്‌പെൻഡ് ചെയ്‌തത് കടുത്ത ശിക്ഷയായാണ് കാണുന്നത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.