ബെംഗളുരു: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട സുരക്ഷാവീഴ്‌ച കേന്ദ്ര സർക്കാരിന്‍റെ പിഴവാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇരുപത് മിനിറ്റോളമാണ് പഞ്ചാബിലെ ഫിറോസ്‌പൂരില്‍ ഫ്ളൈ ഓവറില്‍ കുടുങ്ങിയത്. കര്‍ഷകര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്നാണ് വാഹനവ്യൂഹം ഗതാഗത കുരുക്കില്‍പ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ സുരക്ഷയിൽ പഞ്ചാബ് സർക്കാർ കൃത്യവിലോപം കാട്ടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു. എന്നാല്‍ സുരക്ഷാ വീഴ്‌ചയുണ്ടായിട്ടില്ലെന്നും ഹെലികോപ്റ്റര്‍ യാത്ര മാറ്റി പെട്ടെന്ന് റോഡ് മാര്‍ഗം തെരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് അത്തരത്തില്‍ സംഭവിച്ചതെന്നുമായിരുന്നു പഞ്ചാബ് സര്‍ക്കാരിന്‍റെ വിശദീകരണം. എന്നാൽ മോദിയുടെ സന്ദർശനം വെട്ടിച്ചുരുക്കേണ്ടി വന്നതിൽ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി ഖേദം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പും ഇന്‍റലിജൻസ് ബ്യൂറോയും മറ്റ് പല കേന്ദ്ര സായുധ ഏജൻസികളുമുള്ള കേന്ദ്രത്തിനുണ്ടായ പിഴവ് മൂലമാണ് പ്രധാനമന്ത്രി ഫ്ലൈ ഓവറിൽ കിടക്കേണ്ടി വന്നതെന്നും ഇത്തരം പ്രസ്‌താവനകളിലൂടെ കേന്ദ്രസർക്കാർ പഞ്ചാബിലെ ജനങ്ങളെ അപമാനിക്കുകയാണെന്നും ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സുരക്ഷയെ അപേക്ഷിച്ച് നരേന്ദ്ര മോദിയുടെ സുരക്ഷ വളരെ കൂടുതലാണെന്ന് പറഞ്ഞ ഖാർഗെ പ്രധാനമന്ത്രിക്ക് സുരക്ഷ ഭീഷണി എന്ന ആരോപണം നിഷേധിക്കുകയും ചെയ്‌തു.
ഏറ്റവും മികച്ച വിദേശ നിർമിത ബുള്ളറ്റ് പ്രൂഫ് കാർ മോദിക്ക് ഉണ്ടായിട്ടും ബിജെപി പഞ്ചാബ് സർക്കാരിനെ കുറ്റപ്പെടുത്തുകയാണ്. ജെ.പി നദ്ദയുടെ നേതൃത്വത്തിലുള്ള പാർട്ടി ദളിത് മുഖ്യമന്ത്രിയായ ചന്നിയെ സ്ഥാനഭ്രഷ്‌ടനാക്കാൻ ആഗ്രഹിക്കുന്നതിനാലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസ് മിനിറ്റ് ടു മിനിറ്റ് പരിപാടി 20 മിനിറ്റിനുള്ളിൽ മാറ്റുകയും ഹെലികോപ്‌ടറിന് പകരം റോഡ് മാർഗം ഫിറോസ്‌പൂരിലെത്താൻ തീരുമാനിക്കുകയും ചെയ്‌തുവെന്നും ഖാർഗെ പറഞ്ഞു.
വിരമിച്ച ഹൈക്കോടതി ജഡ്‌ജിയോടും വിരമിച്ച ചീഫ് സെക്രട്ടറിയോടും പഞ്ചാബ് മുഖ്യമന്ത്രി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റിപ്പോർട്ട് അടിസ്ഥാനമാക്കി സംഭവത്തിൽ നടപടിയെടുക്കുമെന്നും പഞ്ചാബ് സർക്കാരിനെ ന്യായീകരിച്ച് ഖാർഗെ പറഞ്ഞു.