ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മു കശ്‌മീരിലെ രാഷ്‌ട്രീയ പാർട്ടി നേതാക്കളും തമ്മിലുള്ള യോഗം ജൂൺ 24ന്. ആഭ്യന്തര മന്ത്രാലയം നേരത്തെ നേതാക്കളെ യോഗത്തിന് ക്ഷണിച്ചിരുന്നു. കേന്ദ്രഭരണ പ്രദേശത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നത് ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രക്രിയകൾ ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തിന്‍റെ ഭാഗമായാണ് ജമ്മു കശ്‌മീരിൽ നിന്നുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തുന്നത്.
ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ നിലവിൽ വന്ന പീപ്പിൾസ് അലയൻസ് ഫോർ ഗുപ്‌കർ ഡിക്ലറേഷൻ (പിഎജിഡി) പ്രദേശത്തിന്‍റെ നില പുനഃസ്ഥാപിക്കുകയെന്നതാണ് അതിന്‍റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിലെ യോഗത്തിന് ശേഷം വ്യത്യസ്‌ത ആവശ്യങ്ങളുള്ള രാഷ്‌ട്രീയ പാർട്ടികൾ ഏതെങ്കിലും തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് നീങ്ങാനാണ് സാധ്യത.
Also Read: ജമ്മുകശ്‌മീര്‍ സര്‍വകക്ഷിയോഗം: മെഹബൂബ മുഫ്‌തി പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കാനിരിക്കുന്ന ഉന്നതതല യോഗത്തിൽ പങ്കെടുക്കുന്നതിനായി ജമ്മു കശ്‌മീരിൽ നിന്നുള്ള 14 രാഷ്ട്രീയ നേതാക്കളെയും നാല് മുൻ മുഖ്യമന്ത്രിമാരെയുമടക്കം ക്ഷണിച്ചിട്ടുണ്ട്. നാഷണൽ കോൺഫറൻസ്, പീപ്പിൾസ് കോൺഫറൻസ്, പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടി, സിപിഎം, അപ്‌നി പാർട്ടി എന്നിവയുൾപ്പെടെ എല്ലാ ചെറുതും വലുതുമായ രാഷ്ട്രീയ പാർട്ടികളെയാണ് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്.
വ്യാഴാഴ്‌ച വൈകിട്ട് മൂന്ന് മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. 2019 ഓഗസ്റ്റ് 5 ന് ശേഷം ജമ്മു കശ്‌മീരിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും പ്രധാനമന്ത്രി ചേരുന്ന ആദ്യ യോഗമാണിത്.