ന്യൂഡൽഹി : 2024ൽ മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തുമെന്നും, അടുത്ത സ്വാതന്ത്യ്ര ദിനത്തിൽ രാജ്യത്തിന്‍റെ നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ താൻ തന്നെ വിശദീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ 77-ാമത് സ്വാതന്ത്ര്യ ദിനത്തിന്‍റെ ഉത്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
'അടുത്ത അഞ്ച് വർഷം അഭൂതപൂർവമായ വികസനത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. 2047 എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ഏറ്റവും വലിയ സുവർണ നിമിഷം അടുത്ത അഞ്ച് വർഷമാണ്. അടുത്ത തവണ ഓഗസ്റ്റ് 15 ന്, ഈ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തിന്‍റെ നേട്ടങ്ങളും വികസനങ്ങളും ഞാൻ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കും.' മോദി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്‍റെ 100-ാം വർഷം ആഘോഷിക്കുമ്പോൾ 2047ൽ രാജ്യം വികസിക്കണമെന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്നതിനായി ഒരു കവിത ചൊല്ലിയായിരുന്നു മോദിയുടെ പ്രസംഗം.
'ചൽതാ ചലത കാൽ ചക്ര, അമൃത് കാൽ കാ ഭാൽ ചക്ര, സബ്കെ സപ്നേ അപ്നേ സപ്നേ, പൻപേ സപ്നേ സാരെ, ധീർ ചലേ വീർ ചലേ, ചലേ യുവാ ഹുമാരേ, നീതി സഹി റീതി നായീ, ഗതി സഹി രാഹ് നയി, ജാതി മേ ചുനോ താം.' (കാലചക്രം ചലിച്ചുകൊണ്ടേയിരിക്കുന്നു, അനശ്വരമായ കാലചക്രം, എല്ലാവരുടെയും സ്വപ്‌നങ്ങൾ നമ്മുടെയും സ്വപ്‌നങ്ങളാണ്, എല്ലാ സ്വപ്‌നങ്ങളും പൂവണിയുന്നു, നമുക്ക് ധൈര്യമായി മുന്നേറാം, ശരിയായ നയത്തിൽ പുതിയ വഴിയിലൂടെ, ശരിയായ വേഗതയിൽ പുതിയ പാതയിലൂടെ)
കുടുംബാധിപത്യത്തിനെതിരെ പോരാട്ടം : അതേസമയം അഴിമതിയും സ്വജനപക്ഷപാതവും പ്രീണനവും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്‌തു. അഴിമതിയും പ്രീണന രാഷ്ട്രീയവും രാജ്യത്തെ നശിപ്പിച്ചിട്ടുണ്ടെന്നും കുടുംബ രാഷ്‌ട്രീയത്തിൽ വിശ്വസിക്കുന്ന രാഷ്‌ട്രീയ പാർട്ടികൾക്ക് 'കുടുംബത്തിന്‍റെ പാർട്ടി, കുടുംബത്തിനായി' എന്ന മന്ത്രമുണ്ടെന്നും മോദി പരിഹസിച്ചു.
2047-ൽ സ്വാതന്ത്ര്യത്തിന്‍റെ 100 വർഷം ആഘോഷിക്കുമ്പോൾ രാജ്യം ഒരു വികസിത ഇന്ത്യയാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും മോദി പറഞ്ഞു. 'എന്‍റെ രാജ്യത്തിന്‍റെ കഴിവിന്‍റെയും ലഭ്യമായ സമ്പത്തുകളുടേയും അടിസ്ഥാനത്തിലാണ് ഞാൻ ഇത് പറയുന്നത്. എന്നാൽ മൂന്ന് തിന്മകളായ 'അഴിമതി, കുടുംബാധിപത്യം, പ്രീണനം' എന്നിവയ്‌ക്കെതിരായ പോരാട്ടമാണ് കാലഘട്ടത്തിന്‍റെ ആവശ്യം. മോദി വ്യക്‌തമാക്കി.
തൊഴിലാളികളെ സഹായിക്കാൻ 13,000-15,000 കോടി രൂപ ചെലവഴിച്ച് 'വിശ്വകർമ യോജന' ആരംഭിക്കുമെന്നും മോദി പറഞ്ഞു. അടുത്ത മാസം വിശ്വകർമ ജയന്തിലാകും പദ്ധതി ആരംഭിക്കുക. അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 13.5 കോടിയിലധികം ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് നിയോ മിഡിൽ, മിഡിൽ ക്ലാസുകളുടെ ഭാഗമായെന്നും മോദി പറഞ്ഞു.
2047ലേക്ക് ഇന്ത്യയെ വികസിത രാജ്യമാക്കാൻ ‘ശ്രേഷ്ഠ ഭാരത്’ എന്ന മന്ത്രത്തിലൂന്നി നാം ജീവിക്കണം. സർക്കാരിന്‍റെ ഓരോ നിമിഷവും, ഓരോ രൂപയും പൗരന്മാരുടെ ക്ഷേമത്തിനായാണ് ചെലവിടുന്നത്. ഞങ്ങൾ ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്തു. 2014-ൽ, രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ സുസ്ഥിരവും ശക്തവുമായ സർക്കാർ ആവശ്യമാണെന്ന് ജനങ്ങൾ തീരുമാനിച്ചു. ഇതോടെ അസ്ഥിരതയുടെ കാലഘട്ടത്തിൽ നിന്ന് ഇന്ത്യ മോചിതമായി. മോദി കൂട്ടിച്ചേർത്തു
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം ചെങ്കോട്ടയിൽ മൂവർണത്തിലുള്ള ബലൂണുകൾ പറത്തി. പ്രസംഗത്തിന് ശേഷം എൻസിസിയിലെ കേഡറ്റുകളുമായി സംവദിക്കാനും മോദി സമയം കണ്ടെത്തി. നരേന്ദ്ര മോദിയുടെ തുടർച്ചയായ പത്താമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് ഇന്ന് ചെങ്കോട്ടയില്‍ നടന്നത്.