ഗുവാഹത്തി : പാല്‍വിതരണക്കാരനായ രഞ്ജിത് ബോറയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്‌ച രാത്രി(16.02.2023) കൈ വിലങ്ങുമായി പൊലീസ് കസ്‌റ്റഡിയില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടോടിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് വെള്ളിയാഴ്‌ച സോനാപൂര്‍ പ്രദേശത്ത് നിന്നും കണ്ടെത്തിയിരുന്നുവെങ്കിലും ഒരിക്കല്‍ കൂടി ഇയാള്‍ കടന്നുകളയാന്‍ മുതിര്‍ന്നപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
കൊല്ലപ്പെട്ട ഷാ ആലമിന്‍റെ മൃതദേഹം ഗുവാഹത്തി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയുടെ മൃതദേഹത്തില്‍ നിന്ന് രണ്ട് ബുള്ളറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. 2022 നവംബര്‍ 21ന് മൂന്ന് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കാന്‍ പോയ പാല്‍ വ്യാപാരി രഞ്ജിത് ബോറ വെടിയേറ്റ് മരിക്കുകയായിരുന്നു.
പ്രതികള്‍ രഞ്ജിത് ബോറയുടെ കൈവശമുണ്ടായിരുന്ന പണം തട്ടിയെടുത്തതിന് ശേഷം സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. വെസ്‌റ്റ് അസം മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് കോ ഓപ്പറേറ്റീവ് യൂണിയന്‍ ലിമിറ്റഡിന് കീഴില്‍ പാല്‍ വിതരണക്കാരനായിരുന്നു രഞ്ജിത് ബോറ. പ്രതിയായ ഷാ ആലമിനെ ഒരു മാസം മുമ്പാണ് പൊലീസ് അറസ്‌റ്റ് ചെയ്യുന്നത്.
ഗുവാഹത്തിയിലെ ഡിസ്‌പൂര്‍ പൊലീസ് സ്‌റ്റേഷന്‍റെ ശുചിമുറിക്കുള്ളില്‍ വച്ച് ഫെബ്രുവരി 10ന് ഷാ ആലം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. ശുചിമുറിയിലെ കപ്പിന്‍റെ കൂര്‍ത്ത ഭാഗം വച്ച് പ്രതി കൈകളിലെ ഞരമ്പ് മുറിക്കാനാണ് ശ്രമിച്ചത്. സ്വകാര്യ സ്‌കൂള്‍ നടത്തിപ്പുകാരനായ ഷാ ആലം നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.