ന്യൂഡല്‍ഹി: പ്രശസ്‌ത ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലാഹിരിയുടെ നിര്യാണത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദും ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവും അനുശോചനം രേഖപ്പെടുത്തി. സമാനതകളില്ലാത്ത ഗായകനും സംഗീതസംവിധായകനുമായിരുന്നു ലാഹിരിയെന്നും അദ്ദേഹത്തിന്‍റെ ഗാനങ്ങൾ ഇന്ത്യയിൽ മാത്രമല്ല വിദേശത്തും പ്രചാരം നേടിയെന്നും രാഷ്‌ട്രപതി പറഞ്ഞു.
'ബപ്പി ലാഹിരി സമാനതകളില്ലാത്ത ഗായകനും സംഗീതസംവിധായകനുമായിരുന്നു. അദ്ദേഹത്തിന്‍റെ ഗാനങ്ങൾ ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ജനപ്രീതി നേടി. വൈവിധ്യമാർന്ന അദ്ദേഹത്തിന്‍റെ ഗാനശ്രേണിയിൽ യുവത്വം നിറഞ്ഞ് തുളുമ്പുന്ന ഗാനങ്ങളും മെലഡികളും ഉൾപ്പെടുന്നു. അദ്ദേഹത്തിന്‍റെ അവിസ്‌മരണീയമായ ഗാനങ്ങൾ വളരെക്കാലം ശ്രോതാക്കളെ ആനന്ദിപ്പിക്കും,' രാഷ്‌ട്രപതി ഭവൻ ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തിന് മറ്റൊരു മുതിർന്ന ഗായകനെയും സംഗീത സംവിധായകനെയും നഷ്‌ടമായെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. ബപ്പി ലാഹിരിയുടെ വിയോഗത്തിൽ, ഇന്ത്യയ്ക്ക് മറ്റൊരു പ്രമുഖ ഗായകനെയും സംഗീതസംവിധായകനെയും നഷ്‌ടമായി. ബപ്പി ദാ അദ്ദേഹത്തിന്‍റെ ഗാനങ്ങളാല്‍ എന്നും ഓർമിക്കപ്പെടും,' ഉപരാഷ്ട്രപതി ട്വീറ്റ് ചെയ്‌തു.
ലോക്‌സഭ സ്‌പീക്കർ ഓം ബിർളയും ഗായകന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ബപ്പി ലാഹിരിയുടെ മരണം സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്‌ടമാണെന്ന് ഓം ബിർള പറഞ്ഞു.
'പ്രശസ്‌ത ഗായകനും സംഗീതസംവിധായകനുമായ ബപ്പി ലാഹിരി ജി അന്തരിച്ചു. തന്‍റെ അതുല്യമായ ശബ്‌ദം കൊണ്ടും അതിശയകരമായ സംഗീതം കൊണ്ടും അദ്ദേഹം ആഗോള അംഗീകാരം നേടി. എല്ലാ പ്രായത്തിലുമുള്ള ആളുകൾ അദ്ദേഹത്തിന്‍റെ ഈണങ്ങളുടെ ആരാധകരായിരുന്നു. അദ്ദേഹത്തിന്‍റെ മരണം സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്‌ടമാണ്,' സ്‌പീക്കർ പറഞ്ഞു.
മുംബൈയിലെ ക്രിറ്റികെയർ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്‌ച രാത്രിയാണ് ബപ്പി ലാഹിരി മരണത്തിന് കീഴടങ്ങിയത്. ഒബ്‌സ്‌ട്രക്‌ടീവ് സ്ലീപ് അപ്‌നിയ (ഒഎസ്എ) എന്ന രോഗം മൂലമാണ് ബപ്പി ലാഹിരി മരിച്ചതെന്ന് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഫിസിഷ്യനും കാർഡിയോളജിസ്റ്റും പൾമണോളജിസ്റ്റുമായ ഡോ. ദീപക് നംജോഷി അറിയിച്ചു.
'ബപ്പി ലാഹിരിക്ക് ഒഎസ്‌എയും നെഞ്ചില്‍ അണുബാധയും ഉണ്ടായിരുന്നു. ജുഹുവിലെ ക്രിറ്റികെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം 29 ദിവസത്തോളം ചികിത്സയിലായിരുന്നു. സുഖം പ്രാപിച്ചതിനെ തുടർന്ന് ഫെബ്രുവരി 15ന് ഡിസ്‌ചാര്‍ജ് ചെയ്‌തു. എന്നാൽ വീട്ടിലെത്തിയതിന് ശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യനില വീണ്ടും വഷളായി. ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ചൊവ്വാഴ്‌ച രാത്രി 11.45 ഓടെ മരണത്തിന് കീഴടങ്ങി,' ആശുപത്രി പുറത്തുവിട്ട പ്രസ്‌താവനയില്‍ പറഞ്ഞു.
ഇന്ത്യയില്‍ ഡിസ്‌കോയ്ക്ക് ജനപ്രീതി നേടിക്കൊടുത്തവരില്‍ പ്രധാനിയാണ് ബപ്പി ലാഹിരി. 2020ൽ പുറത്തിറങ്ങിയ 'ബാഗി 3' എന്ന ചിത്രത്തിലെ ബങ്കാസ് ആണ് ബപ്പി ലാഹിരിയുടെ അവസാന ബോളിവുഡ് ഗാനം.
Read more: സംഗീത സംവിധായകന്‍ ബപ്പി ലാഹിരി അന്തരിച്ചു; ഹിറ്റുകള്‍ സമ്മാനിച്ച പ്രതിഭ