ഹരിദ്വാര്‍: ഈ വര്‍ഷത്തെ കുംഭമേളക്കായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തില്‍. കൊവിഡ് ചട്ടങ്ങള്‍ പാലിച്ചാകും ഇത്തവണത്തെ എല്ലാ ചടങ്ങുകളും നടക്കുകയെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാർ, പൗരി ഗർവാൾ, ഡെറാഡൂൺ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് നിരവധി സ്ഥലങ്ങളിൽ ഹാൻഡ് സാനിറ്റൈസർ സ്റ്റാളുകൾ സ്ഥാപിച്ചിട്ടുള്ളതായി കുംഭമേള ഓഫീസർ ദീപക് റാവത്ത് പറഞ്ഞു.
അതേസമയം കുംഭമേളയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി ഓം പ്രകാശ് അറിയിച്ചു. കുംഭമേളയില്‍ പങ്കെടുക്കുന്നവരെല്ലാം കുംഭമേള അഡ്മിനിസ്ട്രേഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുകയും വേണം.
മേള സമയത്ത്, തീർഥാടകർ പരസ്പരം ആറ് അടി അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. വിദേശത്ത് നിന്ന് വരുന്നവർ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. കൂടാതെ കുംഭമേളക്ക് മുന്നോടിയായി ഹരിദ്വാർ റെയിൽവെ സ്റ്റേഷനിൽ കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ടെന്ന് കുംഭമേള അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. പകർച്ചവ്യാധി മൂലം ഈ വർഷം മേള 30 ദിവസമായി പരിമിതപ്പെടുത്താൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചു.