ഡെറാഡൂൺ : ശൈത്യകാലം ആരംഭിച്ചതിനാൽ ശനിയാഴ്‌ച അടുത്ത ആറ് മാസത്തേക്ക് കേദാർനാഥ്, യമുനോത്രി ക്ഷേത്രങ്ങൾ അടച്ചിടുമെന്ന് ഉത്തരാഖണ്ഡ് ചാർ ധാം ദേവസ്ഥാനം മാനേജ്‌മെന്‍റ് ബോർഡ് അറിയിച്ചു.
കേദാർനാഥിന്‍റെ പ്രവേശനകവാടങ്ങൾ അടയ്ക്കുന്നതിനുള്ള ചടങ്ങുകൾ പൂർത്തിയായ ശേഷം ഇവിടെ നിന്നും പല്ലക്ക് ഉഖിമഠ് ഓംകാരേശ്വർ ക്ഷേത്രത്തിലേക്ക് പുറപ്പെടും. കൂടാതെ യമുനാ ദേവിയെ വഹിച്ചുകൊണ്ടുള്ള പല്ലക്ക് ജാങ്കി ചട്ടിക്കടുത്തുള്ള ഖർസാലി ഗ്രാമത്തിലേക്ക് പുറപ്പെടും.
കേദാർനാഥ്, ബദരീനാഥ്, യമുനോത്രി, ഗംഗോത്രി എന്നിങ്ങനെ ഉത്തരാഖണ്ഡിലെ നാല് പുരാതന തീർഥാടന കേന്ദ്രങ്ങൾ ചേർന്നതാണ് 'ചാർ ധാം' എന്നറിയപ്പെടുന്നത്. അവയിൽ ബദരീനാഥ് ക്ഷേത്രം നവംബർ 20നാണ് അടയ്‌ക്കുക.
ALSP READ:ഡല്‍ഹിയ്‌ക്ക് ശ്വാസംമുട്ടുന്നു; വായു ഗുണനിലവാര സൂചികയില്‍ ഗുരുതര വിഭാഗത്തിൽ
അതേസമയം വെള്ളിയാഴ്ച രാവിലെ 11.45ന് ഗംഗോത്രി ക്ഷേത്രത്തിന്‍റെ കവാടങ്ങൾ അടച്ചിരുന്നു. നിരവധി തീർഥാടകരാണ് ചടങ്ങുകളിൽ പങ്കെടുക്കാൻ അന്നേദിവസം ഇവിടേക്ക് എത്തിയത്. ഇവിടെ നിന്നും ഗംഗദേവിയുടെ പല്ലക്ക് മുഖ്ബയിലേക്ക് പുറപ്പെട്ടു. 32,948 തീർഥാടകരാണ് ഇത്തവണ ഗംഗോത്രി ധാം സന്ദർശിക്കാനെത്തിയതെന്ന് ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
കൊവിഡ് നിബന്ധനകളോട് കൂടി സെപ്റ്റംബർ 18നാണ് ചാർ ധാം സന്ദർശകർക്കായി തുറന്നുനൽകാൻ നൈനിറ്റാൾ ഹൈക്കോടതി ഉത്തരവിട്ടത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനോടൊപ്പം പൂർണമായും വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.
മാനേജ്‌മെന്‍റ് ബോർഡിന്‍റ് കണക്കനുസരിച്ച് ഒക്ടോബർ 22 വരെ രണ്ട് ലക്ഷത്തിലധികം ഭക്തരാണ് ഈ വർഷം ചാർ ധാമിൽ ദർശനം നടത്തിയത്. രാജ്യത്തിനകത്തും പുറത്തും വർഷം തോറും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെയും ഭക്തരെയും ആകർഷിക്കുന്ന ചാർധാം, കനത്ത മഞ്ഞുവീഴ്ച മൂലം എല്ലാ ശൈത്യകാലങ്ങളിലും അടച്ചിടാറുണ്ട്.