മുംബൈ: രാജ് കുന്ദ്ര നീലച്ചിത്രങ്ങൾ നിർമിച്ച് വിതരണം ചെയ്തുവെന്ന് ആരോപിക്കുന്ന ഹോട്ട്ഷോട്ട് ആപ്പിന്‍റെ ഉള്ളടക്കത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് പൊലീസിനോട് ശിൽപ ഷെട്ടി. ഭർത്താവിന്‍റെ ബിസിനസിൽ ഇടപെടുന്നില്ലെന്നും ആപ്ലിക്കേഷൻ ബിസിനസുമായി ഒരുതരത്തിലുമുള്ള ബന്ധമില്ലെന്നും ശിൽപ ഷെട്ടി വെള്ളിയാഴ്ച പൊലീസിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
കുന്ദ്രയുടെ കമ്പനിയായ വിയാൻ ഇൻഡസ്ട്രീസിന്‍റെ ഡയറക്ടർ സ്ഥാനത്ത് നിന്നും രാജി വച്ചതായും ഷെട്ടി ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. അശ്ലീല റാക്കറ്റിൽ നിന്ന് സമ്പാദിച്ച പണം ശിൽപ ഷെട്ടിയുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയോ എന്നും മുംബൈ പൊലീസ് പരിശോധിച്ചുവരുന്നു.
കുന്ദ്രക്കെതിരെ തെളിവ് ഉണ്ടെന്ന് പൊലീസ്
ജൂലൈ 19നാണ് യുകെ ആസ്ഥാനമായുള്ള സ്ഥാപനവുമായി സഹകരിച്ച് നീലച്ചിത്രങ്ങൾ നിർമിക്കുകയും മൊബൈൽ ആപ്ലിക്കേഷൻ വഴി വിതരണം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് രാജ് കുന്ദ്രയെയും കൂട്ടാളിയായ റയാൻ തോർപ്പിനെയും മുബൈ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിൽ രാജ് കുന്ദ്ര കൂട്ടാളിയാണെന്നതിന് തങ്ങളുടെ പക്കൽ തെളിവ് ഉണ്ടെന്ന് കുന്ദ്രയുടെ അറസ്റ്റിനു പിന്നാലെ മുംബൈ പൊലീസ് കമ്മീഷണർ ഹേമന്ദ് നാഗ്രലെ പറഞ്ഞിരുന്നു. കുന്ദ്രയുടെ വസതിയിൽ നടത്തിയ റെയ്‌ഡിൽ ലാപ്ടോപ്പും ബാങ്ക് സ്റ്റേറ്റ്മെന്‍റുകളും പൊലീസ് കണ്ടെടുത്തു.
Also Read: നീലച്ചിത്ര നിർമാണം; മുംബൈ ക്രൈംബ്രാഞ്ച് സംഘം ശിൽപ ഷെട്ടിയുടെ വസതിയിൽ
ഐടി ആക്‌ടിലെ പ്രസക്തമായ വിഭാഗങ്ങൾക്കും സ്ത്രീകളെ അശ്ലീല രീതിയിൽ ചിത്രീകരിക്കുന്നത് തടയുന്ന 1984ലെ നിയമത്തിനും പുറമെ ഐപിസി സെക്ഷൻ 420(വഞ്ചന), 30(പൊതു ഉദ്ദേശ്യം), 292,293(അശ്ലീല പരസ്യങ്ങളും പ്രദർശനവുമായി ബന്ധപ്പട്ടത്) എന്നീ വകുപ്പുകൾ കൂടി ചേർത്താണ് കുന്ദ്രക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നീലച്ചിത്രങ്ങളിൽ നിന്ന് സമ്പാദിച്ച പണം ഓൺലൈൻ വാതുവെയ്പ്പിനായി ഉപയോഗിച്ചതായി സംശയിക്കുന്നതായി മുംബൈ പൊലീസ് കോടതിയെ അറിയിച്ചു. ഇരുവരെയും മുംബൈ കോടതി ജൂലൈ 27 വരെ പൊലീസ് കസ്റ്റഡിയിൽ അയച്ചു.