ന്യൂഡൽഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്താത്തതിൽ ആശ്ചര്യം പ്രകടിപ്പിച്ച് ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്. ഈ വർഷം ആദ്യം ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാറിന് ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നും എന്നാൽ സ്റ്റാൻഡ്ബൈ താരങ്ങളുടെ പട്ടികയിൽ മാത്രമാണ് സൂര്യയെ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും റിക്കി പോണ്ടിങ് വ്യക്തമാക്കി.
അതേസമയം വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ടീമിൽ നിന്ന് റിഷഭ് പന്ത് പുറത്തായെങ്കിലും ഇഷാൻ കിഷനെ ടീമിൽ ഉൾപ്പെടുത്തിയതിനാൽ പന്തിന്‍റെ കുറവ് പരിഹരിക്കാൻ സാധിക്കുമെന്നും പോണ്ടിങ് പറഞ്ഞു. ഇഷാൻ കിഷനിൽ ഇപ്പോൾ മറ്റൊരു എക്‌സ് ഫാക്‌ടർ കൂടി ചേർത്തിട്ടുണ്ട്. അവന്‍റെ കളി ശ്രദ്ധിക്കുകയാണെങ്കിൽ റിഷഭ് പന്തിനെപ്പോലെ മധ്യനിരയിൽ ഉറച്ച് നിന്ന് ബാറ്റ് ചെയ്യാനുള്ള കഴിവ് കിഷനുണ്ട്, പോണ്ടിങ് വ്യക്‌തമാക്കി.
ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വിജയിക്കണമെങ്കിൽ കളിക്കുന്ന രീതിയിൽ അവർ അൽപ്പം സാഹസികത കാണിക്കണം. ഓസ്‌ട്രേലിയയും അത് ചെയ്യാൻ ശ്രമിക്കും. പരിക്കിന്‍റെ പിടിയിലായതിനാൽ ഇന്ത്യ കുറച്ച് വ്യത്യസ്‌തമായ വഴികളിലൂടെ പോകേണ്ടി വരും, പ്രത്യേകിച്ച് ബാറ്റിങ്ങിൽ. രാഹുലിന് പരിക്കേൽക്കുന്നതിന് മുൻപ് അവൻ എന്‍റെ ഇലവനിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവൻ ഇല്ല. അതിനാൽ ഇഷാനെയോ കെഎസ് ഭരതിനെയോ തെരഞ്ഞെടുക്കേണ്ടതായുണ്ട്, പോണ്ടിങ് വ്യക്‌തമാക്കി.
ലണ്ടനിലെ ഓവലില്‍ ജൂണ്‍ ഏഴ് മുതല്‍ 11 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഇഷാന്‍ കിഷന്‍, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേയ് യാദവ്, ജയദേവ് ഉനദ്ഘട്ട്.
ഓസ്‌ട്രേലിയക്ക് മുൻതൂക്കം: അതേസമയം സാഹചര്യങ്ങൾ പരിശോധിച്ചാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്‌ട്രേലിയക്ക് നേരിയ മുൻതൂക്കമുണ്ടെന്നും പോണ്ടിങ് പറഞ്ഞു. ഇന്ത്യയിലായിരുന്നു ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ നടന്നതെങ്കിൽ ഓസ്‌ട്രേലിയക്ക് വിജയിക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നേനെ. മത്സരം ഓസ്‌ട്രേലിയയിലായിരുന്നെങ്കിൽ ഓസ്‌ട്രേലിയയാണ് ഫേവററ്റ് എന്നത് ഞാൻ പറയുമായിരുന്നു. എന്നാൽ മത്സരം ഇംഗ്ലണ്ടിലായതിനാൽ രണ്ട് ടീമുകൾക്കും സാധ്യതയുണ്ട്.
എന്നിരുന്നാൽ പോലും സാഹചര്യങ്ങൾ എങ്ങനെയായിരിക്കുമെന്ന് പറയാൻ കഴിയില്ല. ഓവലിനെ ഇന്ത്യൻ വിക്കറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ സാഹചര്യങ്ങൾ ഓസ്‌ട്രേലിയൻ വിക്കറ്റിന് സമാനമാകുമെന്നാണ് ഞാൻ കരുതുന്നത്. അതിനാൽ ഓസ്‌ട്രേലിയക്ക് ഇത് നേരിയ മുൻതൂക്കം നൽകുന്നു. എന്നിരുന്നാൽ പോലും വിജയിയെ പ്രവചിക്കാൻ സാധിക്കില്ല, പോണ്ടിങ് വ്യക്‌തമാക്കി.
കോലിയുമായുള്ള സംഭാഷണം: റോയൽസ് ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ വിരാട് കോലിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചും പോണ്ടിങ് വാചാലനായി. ഏകദേശം ഒരു മാസം മുൻപ് ഞങ്ങൾ ബാംഗ്ലൂരിൽ കളിച്ചപ്പോൾ ഞാൻ വിരാടിനെ കണ്ടിരുന്നു. അവന്‍റെ ബാറ്റിങ്ങിനെക്കുറിച്ചും കരിയറിനെക്കുറിച്ചും ദീർഘമായി ഞങ്ങൾ സംസാരിച്ചു. മികവിലേക്ക് തിരിച്ചെത്തുന്നതായി അവൻ എന്നോട് പറഞ്ഞു, പോണ്ടിങ് കൂട്ടിച്ചേർത്തു.