ഉത്തര്‍ പ്രദേശ് : മൂന്നാം ഘട്ടത്തില്‍ വിധിയെഴുതി ഉത്തര്‍ പ്രദേശ്. ആറ് മണിക്ക് അവസാനിക്കുമ്പോഴുള്ള കണക്കനുസരിച്ച് 60.82 ശതമാനം പോളിങ് നടന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാവിലെ ഏഴ് മണിക്കാണ് സംസ്ഥാനത്ത് പോളിങ് ആരംഭിച്ചത്. 16 ജില്ലകളിലെ 59 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ചെറിയ തരത്തിലുള്ള ക്രമസമാധാന പ്രശ്നങ്ങളൊഴിച്ചാല്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പൊതുവെ ശാന്തമായിരുന്നു.
ഫിറോസാബാദ്, മെയിൻപുരി, ഇറ്റാഹ്, കസ്ഗഞ്ച്, ഹത്രാസ്, കാൺപൂർ, കാൺപൂർ ദേഹത്, ഔറയ്യ, ഫറൂഖാബാദ്, കനൗജ്, ഇറ്റാവ, ഝാൻസി, ജലൗൺ, ലളിത്പൂർ, ഹമീർപൂർ, മഹോബ എന്നീ ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
627 സ്ഥാനാര്‍ഥികളാണ് മൂന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 15,557 പോളിംഗ് കേന്ദ്രങ്ങളിലായി 25,794 ബൂത്തുകളാണുള്ളത്. 2.16 കോടി വോട്ടർമാരാണ് മൂന്നാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. അഖിലേഷ് യാദവ് മത്സരിക്കുന്ന കർഹലും ഉള്‍പ്പെടുന്ന മണ്ഡലത്തിലും ഇന്നാണ് തെരഞ്ഞെടുപ്പ്. അഖിലേഷ് യാദവിനെതിരെ കേന്ദ്ര നിയമ, നീതിന്യായ മന്ത്രാലയ സഹമന്ത്രി സത്യപാൽ സിംഗ് ബാഗേലിനെയാണ് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.
Also Read: 'ചുരുങ്ങിയ സമയത്തിനുള്ളില്‍ സാധ്യമായതെല്ലാം ചെയ്‌തു, ഇനി ജനം തീരുമാനിക്കട്ടെ': ചരൺജിത് സിങ് ചന്നി
ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് ഏഴിന് സമാപിക്കും. യുപിക്ക് പുറമെ ഗോവയിലും ഉത്തരാഖണ്ഡിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നു. മണിപ്പൂരിൽ ഫെബ്രുവരി 28, മാർച്ച് 5 തീയതികളിൽ വോട്ടെടുപ്പ് നടക്കും. ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ മാർച്ച് 10നാണ്.