ന്യൂഡൽഹി: യൂട്യൂബറും ഇൻസ്റ്റഗ്രാമറുമായ ഗൗരവ് വാസനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ഡൽഹിയിലെ മാല്‍വിയ നഗറിൽ ബാബാ കാ ദാബ എന്ന തെരുവോര ഭക്ഷണശാല നടത്തുന്ന വൃദ്ധ ദമ്പതികളുടെ പരാതിയിലാണ് കേസ്. ബാബാ കാ ദാബയുടെ പേരിൽ പണം ശേഖരിച്ച് ഗൗരവ് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ഐപിസി 420 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
ബാബാ കാ ദാബയുടെ ഉടമസ്ഥനായ കാന്ത പ്രസാദ് എന്ന 80കാരനാണ് പരാതി നൽകിയത്. കൊവിഡ് ലോക്ക്‌ഡൗണിന് പിന്നാലെ കച്ചവടമില്ലാതെ വലഞ്ഞ ബാബാ കാ ദാബയേക്കുറിച്ചും കട നടത്തുന്ന വൃദ്ധ ദമ്പതികളുടെ കഷ്‌ടപ്പാടിനെ കുറിച്ചും ഗൗരവ് വീഡിയോ ചെയ്‌തിരുന്നു. വീഡിയോ വൈറൽ ആയതോടെ നിരവധിയാളുകൾ അദ്ദേഹത്തിന്‍റെ കടയിലേക്ക് എത്തുകയും ചെയ്‌തു. എന്നാൽ പണം സംഭാവന ചെയ്യാൻ സോഷ്യൽ മീഡിയയിൽ പൊതുജനങ്ങളോട് അഭ്യർഥിച്ച ഗൗരവ് വാസൻ വലിയ തുക ശേഖരിച്ചു എന്നാണ് 80കാരൻ്റെ പരാതി.